Sunday, August 29, 2010

പിച്ചവച്ചു തുടങ്ങും മുന്‍പേ അനാഥമായ ബാല്യം

പിച്ച വെച്ചുതുടങ്ങുന്നതിനു മുന്‍പേ അനാഥനാകേണ്ടി വന്ന ഒരു പിഞ്ചു ബാലന്‍ . പുതിയതലമുറയിലെ അച്ഛനമ്മമാരുടെ കടിഞ്ഞൂല്‍ പുത്രനായി ജനിക്കാന്‍ ഭാഗ്യമുണ്ടായിട്ടും, അവരുടെസ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ വിധിയില്ലാതെ പോയ കുരുന്നു ജീവന്‍ . കണ്ണന്‍ എന്നാണ്അവന്റെ ഓമനപേര് . കേവലം ഒന്നര വയസ്സ് വരെ മാത്രം അമ്മയുടെയും അച്ഛന്റെയും കൂടെകഴിയാനേ വിധിഉണ്ടായുള്ളൂ അവനു . അമ്മയുടെ മുലപ്പാലിന്റെ രുചി കൊതിതീരുവോളംനുകരാന്‍ വിധി ഇല്ലാത്ത പാവം കുട്ടി . അവനു നേരിടേണ്ടി വന്ന ദുരവസ്ഥക്ക് കാരണംഎന്താണ് ? വിധിയുടെ ക്രൂരതയാണോ? അതോ മാതാപിതാക്കളുടെ അറിവില്ലായ്മയോ ?ഒരുനിമിഷം അവര്‍ കുരുന്നിനെ പറ്റി ഓര്‍ത്തിരുന്നു എങ്കില്‍.............

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉള്ള ഒരു മാര്‍ച്ച്‌ മാസത്തിലെ ശുഭ മുഹൂര്‍ത്തത്തില്‍വിവാഹിതരായ വര്‍ ആണ് അജീഷും ഷീജായും. വീട്ടുകാര്‍ തീരുമാനിച്ചു ഉറപ്പിച്ച വിവാഹംആയിരുന്നു .. അച്ഛനമ്മമാരുടെ ഏറ്റവും ഇളയ മകന്‍ ആയിരുന്നു അജീഷ് , അജീഷിനുമൂത്തതായി ഒരു ചേട്ടനും ചേച്ചിയും. വീട്ടിലെ ഇളയ മകന്‍ ആയതു കൊണ്ട് തന്നെഎല്ലാവരുടെയും സ്നേഹവും ലാളനയും കൂടുതല്‍ കിട്ടിയതും അജീഷിനു തന്നെ ആണ് . പക്ഷെഅപ്രതീക്ഷിതമായി അമ്മയുടെയും ചേട്ടന്റെയും മരണം അവന്റെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചു ..വീട്ടില്‍ അച്ഛനും അജീഷും തനിച്ചായി .

അമ്മ കൂടെ ഇല്ലാത്ത ജീവിതം , അമ്മ ഇല്ലാത്ത വീട് ഇതൊന്നും അജീഷിനു ഉള്‍കൊള്ളാന്‍കഴിഞ്ഞില്ല . അമ്മ മരിക്കുമ്പോള്‍ അവനു പത്തൊന്‍പതു വയസ്സാണ് പ്രായം . ചെറുപ്രായത്തിലെ അച്ഛന്റെയും വീടിന്റെയും സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന അവനുമുന്നോട്ടുള്ള ജീവിതം ദുസ്സഹമായി തോന്നി . ഒരു തൊഴില്‍ പഠിച്ചിരുന്നത് കൊണ്ട് അവന്റെപകലുകള്‍ തിരക്കുള്ളതായി, പക്ഷെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ , ഏകാന്തതഅവനെ വല്ലാതെ വേദനിപ്പിച്ചു . നിദ്ര അവന്റെ കണ്ണുകളെ തഴുകാന്‍ മടിച്ചു നിന്നു. ഓര്‍മ്മകള്‍അവനെ ഭ്രാന്ത് പിടിപ്പിച്ചു .

പിന്നീടു അവന്റെ വൈകുന്നേരങ്ങള്‍ കൂട്ടുകാരുമോന്നിച്ചായി . പക്ഷെ അത് നല്ലതിന്ആയിരുന്നില്ല . സങ്കടങ്ങളുടെയും നിരാശയുടെയും നിലയില്ലാ കയത്തില്‍ മുങ്ങി പോയഅജീഷിനെ തിരിച്ചു കൊണ്ടുവരാനായി ,കൂട്ടുകാര്‍ അവനെ മദ്യത്തിന്റെ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട് പോയി !പതിയെ പതിയെ അജീഷ് മദ്യത്തിനു അടിമയായി . പലരും ഉപദേശിച്ചുനോക്കി ഒരു ഫലവും ഉണ്ടായില്ല , അവസാനം വീട്ടുകാര്‍ അജീഷിന്റെ വിവാഹം നടത്താന്‍തീരുമാനിച്ചു . ആലോചനകള്‍ പലതും വന്നു , പറ്റിയ ഒരെണ്ണം വീട്ടുകാര്‍ ഉറപ്പിച്ചു .
അജീഷ്ന്റെ ആലോചന വന്നപ്പോള്‍ ഷീജായുടെ വീട്ടുകാര്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല . നല്ലപയ്യന്‍ , വീട്ടില്‍ അച്ഛനും മകനും മാത്രം . നല്ല ജോലിയും ഉണ്ട് . ഇരു വീട്ടുകാരും ആലോചിച്ചുകല്യാണം ഉറപ്പിച്ചു. തെറ്റില്ലാതെ സ്രീധനം കൊടുത്താണ് ഒരേഒരു മകളായ ഷീജയെ അവര്‍വിവാഹം ചയ്തു അയച്ചത് . രണ്ടു ഏട്ടന്മാര്‍ക്കു ഒരു പെങ്ങള്‍ അല്ലെ ! വിവാഹത്തിന് ഒരു ആഴ്ചമുന്‍പേ അജീഷ് മദ്യപാനം ഉപേക്ഷിച്ചു . എല്ലാവരും സന്തോഷിച്ചു ,വിവാഹം മംഗളമായിനടന്നു . ഏകദേശം ഒരു മാസം അങ്ങിനെ കടന്നു പോയി.അജീഷ് വീണ്ടും പഴയതുപോലെമദ്യം ഉപയോഗിച്ചു തുടങ്ങി .. അതോടെ പുത്തരിയില്‍ കല്ല്‌ ,
കടിച്ചത് പോലെ ആയി അവരുടെ ജീവിതം . വിവാഹം കഴിച്ചു ഒരു ജീവിതം ഒക്കെ ആകുമ്പോള്‍ അജീഷ് എല്ലാ സങ്കടങ്ങളുംമറക്കും എന്ന് കരുതിയവര്‍ക്കൊക്കെ തെറ്റി.ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയജീവിതത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ പെണ്‍കുട്ടിയുടെ മോഹങ്ങളും സ്വപ്നങ്ങളും ചില്ല് കൊട്ടാരം പോലെ പൊട്ടിത്തകര്ന്നപ്പോള്‍. ജീവിതത്തെ നോക്കി പകച്ചു നില്ക്കാന്‍ മാത്രമേഅവള്‍ക്കു കഴിഞ്ഞുള്ളൂ

ഒന്നിനും ഒരു കുറവുമില്ലാതെ അജീഷ് അവളെ നോക്കിയിരുന്നു . ആവശ്യങ്ങള്‍ അറിഞ്ഞു നടത്തികൊടുത്തു , പക്ഷെ മദ്യം ക്രൂരനായ വില്ലന്റെ രൂപത്തില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ എല്ലാം തകിടം മറിഞ്ഞു . മദ്യം അകത്തു ചെന്ന് കഴിഞ്ഞാല്‍ അജീഷ് വേറൊരാളായി മാറുകയായി , എന്താണ് അവന്‍ ചെയ്യുന്നത് എന്ന് അവനുതന്നെ അറിയാത്ത അവസ്ഥ. വയസ്സായ അച്ഛനെയും അവന്റെ പെണ്ണിനേയും വായില്‍ തോന്നുന്നതൊക്കെ പറയുന്നത് ശീലമാക്കി ,മാത്രമല്ല കയില്‍ കിട്ടുന്നതൊക്കെ എടുത്തെറിഞ്ഞു പൊട്ടിക്കുക എന്നുള്ളത് നിത്യ സംഭവമായി .പക്ഷെ നേരം പുലര്‍ന്നു കഴിഞ്ഞാല്‍ തലേദിവസം രാത്രി എന്താണ് സംഭവിച്ചത് എന്ന് അജീഷിനു ഒരു ഓര്‍മയും ഇല്ല . രാവിലെ അവന്‍ മദ്യം കഴിക്കില്ലഎന്ന് തീരുമാനിക്കും , പക്ഷെ വൈകുന്നേരം ആകുമ്പോഴേക്കും അതൊരു മണ്ടന്‍ തീരുമാനമായിഅവനു തോന്നും . പ്രതിന്ജകളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞു പോകും . ഒന്ന്സങ്കടം പറഞ്ഞു കരയാന്‍ പോലും ആരുമില്ലാതെ ഷീജ വീട്ടില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞു . രാത്രികളെ അവള്‍ വല്ലാതെ ഭയപ്പെട്ടു. അവസാനം അവള്‍ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തംവീട്ടിലേക്കു പോയി .

രണ്ടു ദിവസം കഴിഞ്ഞു അജീഷ് പോയി തിരിച്ചുവിളിച്ചു , ഷീജ പിണക്കവും ദേഷ്യവും ഒക്കെമറന്നു തിരിച്ചു വന്നു . അജീഷിനു പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല . ഇങ്ങനെ ഇണങ്ങിയുംപിണങ്ങിയും ഏകദേശം ഒരു വര്‍ഷം കടന്നു പോയി , ഇതിനിടയില്‍ ഷീജ ഗര്‍ഭിണിയായി , ഒരു ആണ്കുഞ്ഞിന്റെ
അമ്മയായി. ഒരു കുഞ്ഞുണ്ടായി കഴിഞ്ഞപ്പോള്‍ എങ്കിലും അജീഷിന്റെസ്വഭാവത്തില്‍ മാറ്റം ഉണ്ടാകും എന്ന് ഷീജ പ്രതീക്ഷിച്ചു പക്ഷേ അവനു ഒരു മാറ്റവും ഉണ്ടായില്ല.മദ്യം ഒഴിവാക്കി ജീവിക്കാന്‍ അവനു കഴിയുമായിരുന്നില്ല . എല്ലാം സഹിച്ചുംക്ഷെമിച്ചും തന്റെ പോന്നോമനയുടെ കളിയിലും ചിരിയിലും എല്ലാം മറന്നു ജീവിക്കാന്‍ ഷീജശ്രെമിച്ചു.. കുറച്ചൊക്കെ അവള്‍ക്കു അതില്‍ വിജയിക്കാന്‍ കഴിഞ്ഞു, അങ്ങിനെ കുഞ്ഞിനു ഒന്നരവയസ്സ് പ്രായമായി .

അന്നൊരു ഞായറാഴ്ച ആയിരുന്നു . അജീഷ് പതിവുപോലെ മദ്യത്തില്‍ മുങ്ങികുളിച്ച് വീട്ടിലെത്തിഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു ഷീജയോടു പിണങ്ങി . ചെറിയ പിണക്കം വലിയ വഴക്കായി. എടുത്തു എറിഞ്ഞു പൊട്ടിക്കാന്‍ ബാക്കി ഉണ്ടായിരുന്നതൊക്കെ അവന്‍ എടുത്തു എറിഞ്ഞുനശിപ്പിച്ചു . അതിനിടയില്‍
ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെ അജീഷ് അടിച്ചു . പാവം കുട്ടിയുടെ കരച്ചില്‍ കേട്ട്ഓടിവന്ന ഷീജക്ക് സഹിക്കാന്‍ കഴിഞ്ഞില്ല . കുഞ്ഞിനെ കെട്ടിപിടിച്ചു അവള്‍ പൊട്ടികരഞ്ഞുഅവനെ സമാധാനിപ്പിച്ചു ,കുഞ്ഞിനേയും എടുത്തു അച്ഛന്റെ അടുത്തെത്തി . അച്ഛാ മോനെനോക്കണേ എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയ അവള്‍ !മണ്ണെണ്ണ നിറച്ച ജാര്‍ എടുത്തുഅജീഷിന്റെ മുന്‍പില്‍ എത്തി . എന്തോ ഒരു വല്ലാത്ത ഭാവം ആയിരുന്നു അവള്‍ക്കു ! അജീഷ്നോക്കി നില്‍ക്കെ അവള്‍ സ്വന്തം തലയിലേക്ക് മണ്ണെണ്ണ ജാര്‍ കമിഴ്ത്തി . അവനു ഒന്നുംചെയ്യാന്‍ കഴിയും മുന്നേ തീ കൊളുതികഴിഞ്ഞിരുന്നു ! എന്ത് ചെയ്യണം എന്നറിയാതെ ഒരുനിമിഷം പകച്ചു പോയെങ്കിലും വേഗം വെള്ളം കോരിഒഴിച്ചു തീ അണച്ചു . പക്ഷെ വൈകിപോയിരുന്നു . ദേഹം മുഴുവന്‍ തീ . !
നക്കിതുടച്ചു !വേദന കൊണ്ട് പുളയുന്ന അവളുടെ നിലവിളികേട്ടു ഓടികൂടിയ ആളുകള്‍ ഷീജയെ ആശുപത്രിയില്‍ എത്തിച്ചു . അജീഷിനെ ഭാര്യയെകൊല്ലാന്‍ ശ്രെമിച്ചതിനു പോലീസ് അറസ്റ്റു ചെയ്തു .

ഒരുമാസം ആശുപത്രിയില്‍ കിടന്നു ഷീജ ....! അച്ഛനെയും അമ്മയെയും കാണാതെ പിഞ്ചു കുഞ്ഞിന്റെ രോദനം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട് ! കുഞ്ഞിനെ കാണണം എന്ന് ഷീജ പറഞ്ഞപ്പോള്‍ ആരോ കുട്ടിയെ എടുത്തു കൊണ്ട് വന്നു അവളെ കാണിച്ചു . മോനെ ....... എന്ന് അവളുടെ വിളികേട്ടു ,എവിടെനിന്നാണ് തന്റെ അമ്മയുടെ വിളി കേട്ടത് എന്ന് പരതുന്ന പിഞ്ചു കുഞ്ഞിന്റെ നിറ കണ്ണുകള്‍ .. ശബ്ദം കേട്ട ദിക്കിലേക്ക് വീണ്ടും വീണ്ടും അവന്‍ മിഴികള്‍ പായിച്ചു . പക്ഷെ തന്റെ അമ്മയെ അവനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല . തീനാളങ്ങള്‍ വികൃതമാക്കിയ തന്റെ മുഖം മനസ്സിലാക്കാതെ വിതുമ്പുന്ന തന്റെ പൊന്നുമോനെ ഒന്ന് വാരി എടുക്കാന്‍ പോലും ആവാതെ അവള്‍..നിശബ്ദം തേങ്ങി .കണ്ടുനിന്നവര്‍ പോലും പൊട്ടികരഞ്ഞു പോയി..പിന്നെ അവള്‍ തന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ടില്ല .ഒരുമാസം തീവ്രവേദനയുടെ അവസാനം സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ബാക്കി വെച്ച് തന്റെ പോന്നുമുത്തില്ലാത്ത ലോകത്തേക്ക് .. ശാന്തിയുടെ .. സമാധാനത്തിന്റെ നിത്യതയുടെ ലോകത്തിലേക്ക്‌ അവള്‍ യാത്രയായി ...

ഒരുമാസം ജയില്‍ ജീവിതത്തിനിടയില്‍ അജേഷ് തന്റെ ഇതുവരെ ഉള്ള ജീവിതം ഒന്ന് തിരിഞ്ഞു നോക്കി . എന്തായിരുന്നു ഞാന്‍ എന്ന് അവനു മനസ്സിലായി .. എത്രയും പെട്ടന്ന് പുറത്തിറങ്ങണം നല്ലവനായി ജീവിക്കണം എന്ന് അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു . പക്ഷെ അവനെ സഹായിക്കാന്‍ ആരും ഉണ്ടായില്ല ..ഷീജ മരിച്ചതിന്റെ പിറ്റേ ദിവസം പത്രത്തില്‍ വാര്‍ത്ത‍ ഉണ്ടായിരുന്നു ! അത് കണ്ടതോടെ അവനു ജീവിക്കാന്‍ ഉള്ള ആശ അവസാനിച്ചു പക്ഷെ വീട്ടില്‍ എത്തി തന്റെ മോനെ കണ്ടിട്ട് വേണം എന്ന് അവന്‍ ആഗ്രഹിച്ചു . ആരും ജാമ്യത്തിന് ശ്രെമിച്ചില്ല. അങ്ങിനെ ആറുമാസങ്ങള്‍ വേഗം കടന്നു പോയി . സ്വന്തം ജാമ്യത്തില്‍ അവനെ പുറത്തു വിട്ടു . പുറത്തിറങ്ങിയ അവനു കുഞ്ഞിനെ കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല . ഷീജയുടെ വീട്ടുകാര്‍ അതിനു അനുവദിച്ചില്ല .. മൂന്നു ദിവസം അവന്‍ ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ കഴിച്ചു കൂട്ടി . ഓര്‍മ്മകള്‍ അവനെ വേട്ടയാടി , അമ്മയെയും ചേട്ടനെയും പിന്നെ അവന്റെ എല്ലാമായിരുന്ന ഭാര്യയെയും പൊന്നുമുത്തിനെയും . ആരെയും മനസ്സ് തുറന്നു സ്നേഹിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് അവന്‍ മനസ്സിലാക്കിയപ്പോഴേക്കും എല്ലാം കൈവിട്ടു പോയി . ഷീജയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്നുള്ള സത്യം അവനു ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല . തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ ഉള്ള മോഹം അവനെ വല്ലാതെ ഒരു അവസ്ഥയില്‍ എത്തിച്ചു
.


എങ്ങനെ കാണും എന്ന് അജീഷിനു ഒരു പിടിയും ഉണ്ടായിരുന്നില്ല . താന്‍ കാരണം ആണ് ഷീജ മരിച്ചത് . അത് അവളുടെ മാതാപിതാക്കള്‍ക്ക് ഒരിക്കലും പൊറുക്കില്ല . അത് കൊണ്ട് തന്നെ തന്റെ കുഞ്ഞിനെ കാണാന്‍ അവര്‍ അനുവദിക്കില്ല എന്ന് ഉറപ്പായിരുന്നു . എന്നിട്ടും അവന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തു ഒരു തവണ എങ്കിലും എന്റെ കുഞ്ഞിനെ ഒന്ന് കാണിക്കാന്‍ കെഞ്ചി നോക്കി . പക്ഷെ അവരുടെ മനസ്സ് അലിഞ്ഞില്ല . ഇനി ഒരിക്കലും വിളിക്കരുത് എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു . അവന്‍ തകര്‍ന്നു പോയി . ജീവിതത്തില്‍ ഒറ്റപെടല്‍ എന്താണ് എന്നും അതിന്റെ തീവ്രത എത്രത്തോളം ഉണ്ട് എന്നും അവന്‍ മനസ്സിലാക്കി . ആരും ഇല്ലാത്ത ലോകത്ത് ഇനി എന്തിനാ ഇങ്ങനെ ഒരു ജീവിതം എന്ന് അവന്‍ ചിന്തിച്ചു . ഷീജയും കുഞ്ഞുമില്ലാതെ ഒരു നിമിഷം പോലും അവനു മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല .ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നവനു തോന്നി . മനസ്സില്‍ തീരുമാനം ഉറച്ചതോടെ അവന്‍ സ്വന്തം മുറിയില്‍ കയറി വാതില്‍ അടച്ചു . പിന്നെ വാതില്‍ തുറന്നില്ല! നേരം പുലര്‍ന്നിട്ടും അജീഷിനെ പുറത്തു കാണാഞ്ഞപ്പോള്‍ ഉറക്കം ആവും എന്ന് കരുതി പക്ഷേ ഉച്ചയായിട്ടും കതകു തുറക്കാഞ്ഞപ്പോള്‍ സംശയം ആയി . അജീഷിന്റെ അച്ഛന്‍ ഒരുപാടു തവണ വാതിലില്‍ മുട്ടി നോക്കി . അവസാനം മറ്റു മാര്‍ഗമില്ലെന്നായപ്പോള്‍ കതകു ചവിട്ടി പൊളിച്ചു . അവിടെ കണ്ട കാഴ്ച മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു .ഒരു മുഴം തുണിയില്‍ അജീഷിന്റെ മരവിച്ച ശരീരം !ഒറ്റപെടലിന്റെ തീരാ ശാപവും പേറി അവന്‍ സ്വയം ജീവിതം അവസാനിപ്പിച്ചപ്പോള്‍ തകര്‍ന്നു പോയതു വൃദ്ധനായ പിതാവാണ് .അനാഥനായി പോയത് ജീവിതം എന്താണ് എന്ന് അറിയാത്ത ഒരു പാവം രണ്ടുവയസ്സുകാരനും . കുരുന്നിന് നഷ്ട്ടപെട്ടു പോയ അവന്റെ ജീവിതം ആര്‍ക്കു തിരിച്ചു കൊടുക്കാനാവും . അച്ഛനമ്മമാരോടൊപ്പം ജീവിക്കാനുള്ള അവന്റെ അവകാശം നിഷേധിക്കപെട്ടത്‌ എന്തുകൊണ്ടാണ് ? ആരാണു ഇതിനു ഉത്തരവാദി.. വിധി ആണോ....
അതോ....................??

7 comments:

മഴവില്ല് said...

ഏകദേശം അഞ്ചു മാസം എടുത്തു ഞാന്‍ ഇത് എഴുതി തീരാന്‍ .. എനിക്ക് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടു എഴുതാന്‍ കഴിയുന്നുണ്ടായിരുന്നില്ല . ഇപ്പോഴും നല്ലരീതിയില്‍ ഇത് എഴുതി തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല .....

ശ്രീ said...

വെറുമൊരു കഥ അല്ലാത്തതു കൊണ്ടു തന്നെ ഒന്നും പറയാന്‍ കഴിയുന്നില്ല, ചേച്ചീ.

ആ കുട്ടിയുടെ ദുര്‍വിധി ഓര്‍ത്തു പരിതപിയ്ക്കാനല്ലാതെ നമുക്കെന്തു ചെയ്യാനാകും?

ഹംസ said...

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ലേബലിലേക്ക് നോക്കി വെറും ഒരു കഥയാവണേ എന്ന് മനസ്സ് പ്രാര്‍ത്ഥിച്ചു ഓര്‍മക്കുറിപ്പ് എന്നു കണ്ടപ്പോള്‍ കുറച്ചു നേരം എന്ത് പറയണം എന്നറിയാതെ ഇരുന്നു...

എല്ലാറ്റിനും കാരണം മദ്യം എന്ന വിഷം തന്നെ... എത്ര എത്ര ജീവിതങ്ങള്‍ നശിപ്പിക്കുന്നു ഈ മദ്യം എന്നിട്ടും മനുഷ്യര്‍ പാഠം പഠിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം ആവുന്നു.. ചുമ്മാ ഒരു തമാശക്ക് കുടി തുടങ്ങി പിന്നെ പിന്തിരിയാന്‍ പറ്റാത്ത വിധം അതിനു അടിമപ്പെട്ടു പോവുന്നു...

വായിച്ചപ്പോള്‍ തന്നെ സങ്കടം തോന്നി ആ കുട്ടിയുടെ കാര്യമോര്‍ത്ത് അപ്പോള്‍ എഴുതി തീര്‍ക്കാനുള്ള വിഷമം എത്രമാത്രം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ........ :(

Anonymous said...
This comment has been removed by the author.
Anonymous said...

Chechikku sughalle??

Touching story.madhyathinu adict ayavar oru manushane pole jeevikkunnathee illa.matullavare jeevikkan anuvadhikkunnum illa.baliyadukal itharam niraparaadhikal

മഴവില്ല് said...

ശ്രീ :മദ്യം എന്ന വിഷം ഒരു കുടുംബം നാമാവശേഷമാക്കി , ഇത് പോലെ എത്ര എത്ര കുടുംബങ്ങള്‍ .. കുട്ടികള്‍...
വായനക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി ശ്രീ

മഴവില്ല് said...

ഹംസ: മനസ്സിനെ വല്ലാതെ നോവിച്ച ഒരു സംഭവം ആണ് ഇത് . എത്ര മറക്കാന്‍ ശ്രെമിച്ചിട്ടും കഴിയുന്നില്ല ഇപ്പോഴും ... വായനക്കും അഭിപ്രായത്തിനും നന്ദി ഹംസ
നേഹാ : എനിക്ക് സുഗാണ് മോളുസേ , അവിടെയും സുഖല്ലേ .. വായനക്കും അഭിപ്രായത്തിനും നന്ദി ..