Friday, May 14, 2010

വേനല്‍ അവധികാലം

വീണ്ടും ഒരു വേനല്‍ അവധിക്കാലം കൂടി കടന്നു വന്നു കഴിഞ്ഞു . കൊടും ചൂടുമായാണ് ഇത്തവണ വേനല്‍ വന്നത് . പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ .അവധികാലത്തെ ഓര്‍മകളില്‍ ഏറ്റവും മനോഹരമായ ഓര്‍മകള്‍ ഉള്ളത് സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഓര്‍മ്മകള്‍ ആണ് .. മാര്‍ച്ച് അവസാനം ആകാന്‍ കാത്തിരിക്കും ഞങ്ങള്‍ .പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ പിന്നെ രണ്ടു മാസത്തേക്ക് , കളിച്ചു നടക്കാം , മാത്രമല്ല പടിക്ക് പടിക്ക് എന്നുള്ള വഴക്കില്ല , അതിരാവിലെ എഴുനേറ്റു പഠിക്കയും വേണ്ട , മതിയാവോളം മൂടി പുതച്ചു കിടന്നു ഉറങ്ങാം .


പത്തനംതിട്ട ജില്ലയിലെ ഒരു ഹരിത ഭംഗിയാര്ന്ന ഗ്രാമം . കുന്നുകളും വയലുകളും അരുവികളും , ചെങ്കുത്തായ റോഡുകളും . വലിയ പാറകളും , കുളങ്ങളും പുല്‍മേടുകളും ,നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമം .. വേനല്‍കാലമായാല്‍ ഗ്രാമത്തിലെ കിണറുകള്‍ എല്ലാം പണി മുടക്ക് പ്രഖ്യാപിക്കും . അതിന്റെ പ്രധാന കാരണം ഭൂമിയുടെ കിടപ്പ് തന്നെയാണ് . ചെങ്കുത്തായ ഭൂമിയാണ്‌ .. വെള്ളമൊക്കെ നിരപ്പായ സ്ഥലത്തേക്ക് താണ് പോകും .അത് കാരണം കിണറും കുളവും എല്ലാം വറ്റി വരളും . വേനല്‍ കാലമായാല്‍ വെള്ളത്തിന്‌ പരക്കം പാച്ചിലാണ് എല്ലാരും . ഒന്നോ രണ്ടോ കിണറുകള്‍ വറ്റാതെ ഉണ്ടാവും .പക്ഷെ അത് എല്ലാ ആവശ്യത്തിനും തികയില്ലല്ലോ . അപ്പൊ വയലില്‍ കൊയ്ത്തു കഴിഞ്ഞ സമയം ആയതു കൊണ്ട് പാടത്തു കുളം കുഴിക്കും . കുളം കുഴിച്ചാല്‍ പിന്നെ അവിടെ ധാരാളം വെള്ളം കിട്ടും . പക്ഷേ വെള്ളം എടുക്കാന്‍ ആളുകള്‍ തമ്മില്‍ മത്സരം ആകും . വെളുപ്പിനെ നാലു മണിക്ക് എഴുനേറ്റു വെള്ളം എടുക്കാന്‍ പോകും .. എന്നാലേ തെളിഞ്ഞ വെള്ളം കിട്ടു . സമയം ആളുകള്‍ കുറവായിരിക്കും .. വെള്ളം കുളിക്കാനും ബാക്കി ഉള്ള ഗാര്‍ഹിക അവശ്യങ്ങള്‍ക്കും ഉപയോഗിക്കും . കുടിവെള്ളത്തിന്റെ കാര്യം അപ്പോളും കഷ്ട്ടമാണ് ..


കുടിവെള്ളത്തിനു വേണ്ടി ഞങ്ങള്‍ പാറ ഇടുക്കുകളില്‍ നിന്നുള്ള ചെറിയ നീരുറവയെ ആശ്രയിക്കയാണ് പതിവ് .ഉറവ ഉള്ള ഭാഗം വൃത്തിയാക്കി ,അവിടെ നിന്ന് കുടമോ കലമോ വെച്ച് വെള്ളം പിടിക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കും . ചെറിയ പൈപ്പോ . ഓസോ . വെച്ച് അതില്‍ കൂടി വെള്ളം പാത്രത്തില്‍ പിടിക്കും .. ഇതിനും തിരക്കാണ് ആദ്യം ആദ്യം വരുന്നവര്‍ക്ക് ആണ് മുന്ഗണന . ഒരാള്‍ക്ക് രണ്ടു കുടം വെള്ളം, അത് കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് .. അങ്ങിനെ .. ഇതിനിടക്ക്‌ കുടം വെച്ചിട്ട് ആള് പോയാല്‍ ,അത് നിറയുമ്പോള്‍ വേറെ ആരെങ്കിലും എടുത്തു കൊണ്ട് പോകും . അപ്പൊ തമ്മില്‍ അടിയാകും . അവധി കാലത്തുള്ള ഞങ്ങളുടെ പ്രധാന ജോലി വെള്ളം പിടിക്കാന്‍ കലം കൊണ്ട് വെക്കുക എന്നുള്ളതാണ് , അമ്മ സാമാന്യം വലിയ ഒരു കലം എന്റെ കൈയില്‍ തന്നു വിടും . ഞാന്‍ അത് കൊണ്ട് വെച്ചിട്ട് കളിയ്ക്കാന്‍ പോകും. പാത്രം നിറയുമ്പോള്‍ അത് ആരെങ്കിലും എടുത്തുകൊണ്ടു പോയിട്ട് എന്റെ പാത്രം കാലിആക്കി വെക്കും . അമ്മ വെള്ളം എടുക്കാന്‍ ചെല്ലുമ്പോള്‍ കാലി പാത്രം ആവും ഉണ്ടാവുക . എനിക്ക് ഇതിനു ഒരു പാട് വഴക്ക് കേട്ടിട്ടുണ്ട് .


വേനല്‍ അവധിക്കാലം ശരിക്കും പ്ലാവും മാവും കശുമാവും , എന്നുവേണ്ട, സകല ഫല വൃക്ഷങ്ങളും നിറയെ കായിച്ചു
നില്‍ക്കുന്ന കാലമല്ലേ . മാവു നിറയെ മാങ്ങാ ഉണ്ടാവും .. പിന്നെ കമ്പിളി നാരകം,ചാമ്പമരം . അത് പാണ്ടി ചാമ്പയും നാടന്‍ ചാമ്പയും ഉണ്ട് . ഇതൊക്കെ പറിച്ചു രണ്ടായി മുറിച്ചു ഉപ്പും മുളകും പുരട്ടി കഴിക്കല്‍ ആണ് പ്രധാന വിനോദം . പിന്നെ കശുമാവ് പൂത്തുകഴിഞ്ഞാല്‍ പത്തു ചില്ലറ ക്കുള്ള വകയായി .. കശുവണ്ടി ശേഖരിച്ചു വെക്കാന്‍ ഞങ്ങള്‍ മത്സരം ആണ്.
എന്റെ എഴാം ക്ലാസ്സിലെ അവധികാലം അടിപൊളി ആരുന്നു . കാരണം എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്ന ദീനാമ്മ ടീച്ചര്‍ ഞങ്ങളുടെ വീടിനു അടുത്താണ് താമസിച്ചിരുന്നതു . ടീച്ചറിന്റെ വീട്ടില്‍ ടെലിവിഷന്‍ വാങ്ങിയത് അവധിക്കാലത്ത്‌ ആയിരുന്നു .അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലിവിഷന്‍ ഒന്നോ രണ്ടോ വീടുകളിലെ ഉള്ളു .. അത് കാരണം എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ സിനിമ കാണാന്‍ ടിവി ഉള്ള വീടുകളില്‍ പോകും . എല്ലാരും കുടുംബ സമേതം ആണ് പോകുക . ഒരു തീയേറ്ററില്‍ ഉള്ള ആളുകള്‍ ഉണ്ടാകും ഒരു വീട്ടില്‍ . ഞായറാഴ്ച വൈകുന്നേരം മാത്രമാണല്ലോ സിനിമ ഉള്ളത് . ഞായറാഴ്ച നേരത്തെ തന്നെ വീട്ടിലെ ചെറിയ ശിങ്കിടി പണികല്‍ ഒക്കെ വേഗം തീര്‍ത്തു , അമ്മയുടെ അനുവാദം വാങ്ങും സിനിമ കാണാന്‍ പോകാന്‍ . അങ്ങിനെ ഞാനും അനിയനും കൂടെ പോകും , മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം ഉണ്ട് എന്റെ വീട്ടില്‍ നിന്ന് വീട്ടിലേക്കു . അങ്ങിനെ എല്ലാ ആഴ്ച അവസാനവും ഞങ്ങള്‍ ഇതൊരു പതിവാക്കി .


അങ്ങിനെ ഇരിക്കെ ആണ് ദീനാമ്മ ടീച്ചറിന്റെ വീട്ടില്‍ ടിവി വാങ്ങുന്നത് . ടീച്ചര്‍ ഞങ്ങള്‍ കൂട്ടുകാരെ എല്ലാരേയും സിനിമ കാണാന്‍ ക്ഷണിച്ചു . അന്നാണ് ആദ്യമായി കസെറ്റ് ഇട്ടു സിനിമ കാണുന്നത് . അങ്ങിനെ ആഴ്ചയില്‍ ഒരു സിനിമ എങ്കിലും ടീച്ചര്‍ ഞങ്ങള്‍ക്കുവേണ്ടി കാണിച്ചു തരും . ടീച്ചറും ഞങ്ങള്‍ കുട്ടികളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഒരിക്കലും മറക്കാത്ത ഓര്‍മകളായി നല്ല നാളുകള്‍ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നുഅവധിക്കാല ഓര്‍മകളില്‍ ഏറ്റവും മധുരമുള്ള ഓര്‍മകളും ഇത് തന്നെ യാണ് .. പിന്നെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം ഉണ്ടായതും അവധിക്കാലത്ത്‌ തന്നെയാണ് . എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു രാധാമണി . ഒന്നുമുതല്‍ ഏഴുവരെ ഞങ്ങള്‍ ഒരു സ്കൂളില്‍ ഒര ക്ലാസ്സില്‍ ആണ് പഠിച്ചത് . എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ഒരുമിച്ചാണ് കളിക്കുന്നതും അമ്പലങ്ങളില്‍ പോകുന്നതും എല്ലാം . ഒരിക്കല്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം . കൂട്ടുകാര്‍ എല്ലാരും ഒത്തുകൂടി . എന്തെങ്കിലും കളിയ്ക്കാന്‍ ഉള്ള തീരുമാനം ആയി . സാറ്റു കളിക്കാം എന്നായി എല്ലാരും . എണ്ണാന്‍ഉള്ള ആളെ തിരഞ്ഞെടുത്തു . ഊഴം എന്റെ ആയി ഞാന്‍ എണ്ണി, ഒന്ന് മുതല്‍ നൂറു വരെ . എല്ലാരും പോയി ഒളിച്ചിരുന്നു .ഞാന്‍ എണ്ണിക്കഴിഞ്ഞു കണ്ണ് തുറന്നു , ഓരോരുത്തരെ ആയി കണ്ടു പിടിച്ചു സാറ്റ് വെച്ചു. അവസാനം രാധുനെ മാത്രം കണ്ടില്ല .. അവള്‍ എനിക്ക് പിടിതരാതെ എന്നെ കൊണ്ട് കണ്ടില്ല സാറ്റ് വിളിപ്പിക്കാന്‍ വേണ്ടി ഒളിച്ചിരുന്നു . ഞാന്‍ ഉണ്ടോ വിട്ടുകൊടുക്കുന്നു . കണ്ടില്ല സാറ്റു വിളിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു . കുറ്റിച്ചുവട്ടില്‍ നിന്ന് ഞാന്‍ മാറുംപോഴേക്കും മറ്റു കൂട്ടുകാര്‍ രാധുനെ പ്രോത്സാഹിപ്പിക്കും . രാധു അവിടെ തന്നെ ഇരുന്നോ ,, എന്നൊക്കെ പറഞ്ഞു. അവസാനം എനിക്ക് വാശിയായി .


ഞാന്‍ കുറെ ദൂരേക്ക്‌ മാറി നിന്നു. മാറി നില്‍ക്കുമ്പോള്‍ രാധു എഴുനേറ്റു വരും അപ്പൊ ഓടി ചെന്ന് സാറ്റ് വെക്കാം എന്നുള്ളതാണ് എന്റെ പ്ലാന്‍ . ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ രാധു എഴുനേറ്റു വന്നു .. ഞാന്‍ ഓടി ചെല്ലുന്നത് കണ്ടു അവളും കഴിയും വേഗം ഓടി . എങ്ങനെയെങ്കിലും എന്നെക്കാള്‍ മുന്നേ സാറ്റു വെക്കണം എന്നുള്ള ചിന്തയില്‍ ഓടിയ രാധു താഴെ കിടന്ന വലിയ കല്ല്‌ കണ്ടില്ല . കല്ലില്‍ കാല് തട്ടി രാധു വീണു .. എല്ലാരും ഓടി എത്തുമ്പോഴേക്കും രാധുവിന്റെ മുഖമാകെ രക്തം ആയിരുന്നു . മൂക്കില്‍ നിന്നും വായില്‍ നിന്നും ഒക്കെ രക്തം ഒഴുകി .. പാവം അവളുടെ ബോധം പോയിരുന്നു .


പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു .താടിഎല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നു .. രാധു വീണതില്‍ എല്ലാര്ക്കും സങ്കടം ഉണ്ടായി .പക്ഷെ അതിലും വലിയ സങ്കടം കൂട്ടുകാര്‍ ആരോ പറഞ്ഞു ഞാന്‍ രാധുനെ തള്ളിയിട്ടാണ് എന്ന് . എല്ലാരും അത് വിശ്വസിച്ചു . ഞാന്‍ തള്ളി ഇട്ടതല്ല എന്ന് പറയാന്‍ രാധുനു ബോധം ഇല്ലാരുന്നല്ലോ . രാധു നു ബോധംവന്നു സംസാരിക്കാന്‍ ആകുന്നത്‌ വരെ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ കാണാന്‍ തുടങ്ങി . അവള്‍ തനിയെ വീണതാണ് എന്ന് പറയുന്നത് വരെ .ഞാന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടു .. ഏതായാലും അന്നത്തോടെ എന്റെ സാറ്റുകളി അവസാനിച്ചു . പിന്നീടൊരിക്കലും ഞാന്‍ സാറ്റു കളിച്ചിട്ടില്ല .. വര്‍ഷത്തോട് കൂടി ഞങ്ങള്‍ പിരിഞ്ഞു . ഞാന്‍ കടമ്മനിട്ട ഗവന്മെന്റെ ഹൈസ്കൂള്‍ ലേക്കും രാധു കരംവേലി ഹൈസ്കൂളിലും ആണ് എട്ടാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത് . കാരണം അതിനു മുന്‍പ് ഞങ്ങള്‍ പഠിച്ച സ്കൂളില്‍ എഴുവരെയേ ഉണ്ടായിരുന്നുള്ളു. വേറെ സ്കൂളില്‍ പഠിക്കാന്‍ തുടങ്ങിയെങ്കിലും അവധിക്കാലത്ത്‌ ഞങ്ങള്‍ ഒത്തു കൂടുമായിരുന്നു .. (സാറ്റ് കളിക്കില്ലെങ്കിലും )


അങ്ങിനെ എങ്ങോ കൈമോശം വന്ന ബാല്യകാലത്തിന്റെ , അവധിക്കാലത്തിന്റെ ,ഓര്‍മകളിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുന്നില്ല .. ................... മഴ ...............


8 comments:

nizhal said...

nannayittundu, school avadhikkalam orma vannu. asamsakal

Typist | എഴുത്തുകാരി said...

സുഖമുള്ള ഓര്‍മ്മകള്‍, കൈമോശം വന്ന ബാല്യം.

ഹംസ said...

നല്ല അവധിക്കാല ഓര്‍മകള്‍ നന്നായി തന്നെ എഴുതി. ചില അക്ഷരതെറ്റുകള്‍ ‍ ഇടയില്‍ ഉണ്ട് അറിയാതെ വന്നതാവും ഒന്നു ശ്രദ്ധിച്ചാല്‍ കാണാം.!

പുഴയുടെ തീരത്ത് വീടായതുകൊണ്ട് വെള്ളത്തിന്‍റെ ബുദ്ധിമുട്ട് അറിയണ്ടി വന്നിട്ടില്ല. സ്കൂള്‍ വിട്ടാല്‍ കളി മുഴുവന്‍ പുഴയില്‍ ആയിരുന്നു. പുഴയില്‍ തെട്ടുകളിയായിരുന്നു നല്ല സ്പീഡില്‍ നീന്തി മറ്റുള്ളവരെ തൊടുക. ഒരു ദിവസം ഇതുപോലെ കളിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ പുഴയില്‍ നിന്നും കരയില്‍ കയറി ഞാന്‍ അവനെ തോടാന്‍ ചെന്നപ്പോള്‍ അവന്‍ പുഴയിലേക്ക് എടുത്ത് ചാടി വീണത് പാറപ്പുറത്ത് നെറ്റി പൊട്ടി ചോര വന്നു കുറ്റം സ്വാഭാവികമായും എനിക്ക് കാരണം ഞാന്‍ പിന്നാലെ ഓടുവല്ലെ പക്ഷെ അവനെ ഞാന്‍ തെട്ടിട്ടോന്നുമില്ല. എന്നാലും എനിക്ക് വിഷമം ആയി. ഇതു വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ വന്നു.

മഴവില്ല് said...

നിഴല്‍ വരവിനും വായനക്കും നന്ദി
എഴുത്തുകാരി വായനക്കും വരവിനും നന്ദി
ഹംസ . നന്ദി അക്ഷരതെറ്റുകള്‍ പരമാവധി ശ്രദ്ധിക്കാം വായനക്കും അഭിപ്രായത്തിനും നന്ദി

SHIBIN P JACOB said...

kuttikkalathinte manohaarithayilekku kondu pokunnu..sharikum grihathurathvam unarthunna leganam..good

krishnakumar513 said...

ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.....

വരയും വരിയും : സിബു നൂറനാട് said...

നിറയെ ഓര്‍മ്മകള്‍ ആണല്ലോ...മാമ്പഴം നിറഞ്ഞു നില്‍ക്കുന്ന മാവ് പോലെ...
ഈ ഓര്‍മ്മകളുടെ സുഖമുള്ള ഗന്ധം ഞാനും ആസ്വദിക്കുന്നു...ഇനി തിരിച്ചു വരില്ലല്ലോ എന്നോര്‍ത്ത് ചെറിയൊരു ദുഖത്തോടെ..!!

Anonymous said...

Hmmmm........ormmakal....eni orikalum thirichukittatha kuttikaalam:)