Wednesday, October 7, 2009

മഴ

മഴ പ്രണയം പോലെ ആണ് .നിനച്ചിരിക്കാത്ത നേരത്ത് കള്ളനെ പോലെ കടന്നു വരും ആരോടും പറയാതെ മടങ്ങി പോകും .മഴനനയാന്‍ എനിക്കൊരുപാട് ഇഷ്ട്ടമാണ്. ഓരോ മഴയും നമ്മുടെ ബാല്യ കാലത്തേക്ക് മടക്കി കൊണ്ടു പോകുകയാണ് ... പരസ്പരം ചെളി തെറുപ്പിച്ച് മഴയിലൂടെ ഓടികളിച്ചു , സ്കൂളിലക്ക് ഉള്ള യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല . നനഞ്ഞു ഒട്ടിയ പുത്തന്‍ ഉടുപ്പിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു , ക്ലാസ്സ് റൂമിലെ ബെഞ്ചില്‍ തണുത്തു വിറച്ചു ഇരുന്നാണ് മിക്കപ്പോഴും ആദ്യത്തെ പിരീഡ്‌ ... ഒരിക്കല്‍ കൂടി എനിക്കെന്‍റെ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നു എങ്കില്‍ ........ മഴ എന്‍റെ ജീവിതത്തില്‍ നടുക്കുന്ന ഒരു ഓര്‍മ സമ്മാനിച്ചിട്ടുണ്ട് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ... ഇപ്പോഴും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന ഒരു അനുഭവം .....
ഒരിക്കല്‍ തുലാവര്‍ഷം ആരംഭിച്ച സമയത്താണ് .വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഓര്‍ക്കാപുറത്ത് മഴ വിരുന്നിനെത്തി . ഒറ്റക്കായിരുന്നില്ല ,കൂട്ടിനു കാറ്റും ഇടിയും മിന്നലും .... പുസ്തക സഞ്ചി മാറോടടുക്കി പിടിച്ചു ഓടി വീട്ടില്‍ എത്തും മുന്നേ തുള്ളിക്കൊരു കുടം എന്ന കണക്കിന് മഴ ...... ഒരു റബ്ബര്‍ തോട്ടം കഴിഞ്ഞാണ്‌ എന്‍റെ വീട് , കാറ്റും മഴയും കഴിഞ്ഞാല്‍ ഇഷ്ട്ടംപോലെ റബ്ബര്‍ വിറകു കിട്ടും തോട്ടത്തില്‍ നിന്നും ...

ഞാന്‍ വീട്ടിലെത്തി പുസ്തക സഞ്ചി വീട്ടില്‍വെച്ചു തോട്ടത്തിലേക്ക് ഓടി . ഇഷ്ടംപോലെ വിറകു ഒടിഞ്ഞു കിടക്കുന്നു , വേഗം വിറകെല്ലാം പറക്കി കൂട്ടി ... മഴ കഴിയുംപ്ഴേക്കും ഒരു ആറു മാസത്തേക്കുള്ള വിറകു വീട്ടുമുറ്റത്തെത്തി .. എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴല്ലെ രസം ..വീട്ടുമുറ്റത്ത്‌ ഒരു മൂവാണ്ടന്‍ മാവും ഒരു തെങ്ങും ഉണ്ടായിരുന്നു . രണ്ടും കൂടെ ഒടിഞ്ഞു വീടിനു പുറത്തേക്ക് വീണുകിടക്കുന്നു .ഓടൊക്കെ പൊട്ടി വീട്ടിനുള്ളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥ .. വീട്ടില്‍ ആരും ഉണ്ടാവാഞ്ഞത്‌ ഭാഗ്യമായി . ഞാന്‍ വിറകു ശേകരിക്കാന്‍ പോകാതെ വീട്ടിനുള്ളില്‍ ഇരുന്നു എങ്കില്‍ കഥ വേറെയാകുമായിരുന്നു .ഒരു പക്ഷെ ഇന്നു ഇതെഴുതാന്‍ ഞാന്‍ ഉണ്ടാകുമാരുന്നില്ല ... അതുപോലെ ആലിപ്പഴം ആദ്യമായി കണ്ടതും ഇതുപോലെ ഒരു മഴയില്‍ ആണ് .. പെയ്യാതിരുന്നു മഴ പെയ്യുംപോഴാണ് ആലിപ്പഴം വീഴുക എന്ന് കേട്ടിട്ടുണ്ട് .... അതായതു വേനല്‍മഴയില്‍ ..... ആലിപ്പഴം എന്ന് കേട്ടാല്‍ മധുരമുള്ള ഏതോ ഒരു പഴമാണ് എന്നാണ് അന്നൊക്കെ എന്‍റെ വിചാരം . ഒരുവേനല്‍ക്കാലത്ത് വീട്ടില്‍ ഇരിക്കുമ്പോഴാണ് പെട്ടന്ന് മഴ പെയ്യുന്നത് . ഓടിനു പുറത്തു കല്ലും മണ്ണും വാരി എറിയുന്നപോലെ ശബ്ദം കേള്ക്കാം . ഞാന്‍ മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ അവിടവിടെയായി ചെറിയ ഐസ് കട്ടകള്‍ വേണു കിടക്കുന്നു .ഒന്നുരണ്ടെണ്ണം കയില്‍ എടുത്തു അമ്മയുടെ അടുത്തേക്കോടി .. അമ്മയാണ് പറഞ്ഞു തന്നത് ഇതു ആലിപ്പഴം ആണെന്ന് ... അങ്ങിനെ എന്‍റെ പ്രതീക്ഷ നഷ്ട്ടപെടുത്തികൊണ്ട് ആദ്യമായി ആലിപ്പഴം കിട്ടി. നിറവും മണവും ഒന്നുമില്ലെങ്കിലും ഇതിനു മധുരം ഉണ്ടെകിലോ പ്രതീക്ഷയില്‍ ഞാന്‍ ആലിപ്പഴം രുചിച്ചു നോക്കി ... എന്താ പറയുക .. വെറും ഐസ് തിന്നുന്നത്‌ പോലെ .... ഇങ്ങനെ മഴയുടെ ഓര്‍മ്മകള്‍ മനസ്സിന്‍റെ ഏതെങ്കിലും കോണില്‍ മായാതെ കിടക്കുന്നുണ്ടാവും . ഒക്കെ പൊടി പിടിച്ചു കിടക്കയാവും . സമയംപോലെ എല്ലാം തുടച്ചു മിനുക്കി എടുക്കണം ...

1 comment:

Unknown said...

നല്ല രസമുള്ള ഓര്‍മ്മകള്‍, എല്ലാവര്ക്കും മഴയെ ചുറ്റിപ്പറ്റി ഒത്തിരി പറയാനുണ്ടാകും, ;) എന്തായാലും അമ്മയുടെ ഈ ഓര്‍മക്കുറിപ്പ്‌ എനിക്കിഷ്ടായി.......