Sunday, August 29, 2010

പിച്ചവച്ചു തുടങ്ങും മുന്‍പേ അനാഥമായ ബാല്യം

പിച്ച വെച്ചുതുടങ്ങുന്നതിനു മുന്‍പേ അനാഥനാകേണ്ടി വന്ന ഒരു പിഞ്ചു ബാലന്‍ . പുതിയതലമുറയിലെ അച്ഛനമ്മമാരുടെ കടിഞ്ഞൂല്‍ പുത്രനായി ജനിക്കാന്‍ ഭാഗ്യമുണ്ടായിട്ടും, അവരുടെസ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ വിധിയില്ലാതെ പോയ കുരുന്നു ജീവന്‍ . കണ്ണന്‍ എന്നാണ്അവന്റെ ഓമനപേര് . കേവലം ഒന്നര വയസ്സ് വരെ മാത്രം അമ്മയുടെയും അച്ഛന്റെയും കൂടെകഴിയാനേ വിധിഉണ്ടായുള്ളൂ അവനു . അമ്മയുടെ മുലപ്പാലിന്റെ രുചി കൊതിതീരുവോളംനുകരാന്‍ വിധി ഇല്ലാത്ത പാവം കുട്ടി . അവനു നേരിടേണ്ടി വന്ന ദുരവസ്ഥക്ക് കാരണംഎന്താണ് ? വിധിയുടെ ക്രൂരതയാണോ? അതോ മാതാപിതാക്കളുടെ അറിവില്ലായ്മയോ ?ഒരുനിമിഷം അവര്‍ കുരുന്നിനെ പറ്റി ഓര്‍ത്തിരുന്നു എങ്കില്‍.............

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉള്ള ഒരു മാര്‍ച്ച്‌ മാസത്തിലെ ശുഭ മുഹൂര്‍ത്തത്തില്‍വിവാഹിതരായ വര്‍ ആണ് അജീഷും ഷീജായും. വീട്ടുകാര്‍ തീരുമാനിച്ചു ഉറപ്പിച്ച വിവാഹംആയിരുന്നു .. അച്ഛനമ്മമാരുടെ ഏറ്റവും ഇളയ മകന്‍ ആയിരുന്നു അജീഷ് , അജീഷിനുമൂത്തതായി ഒരു ചേട്ടനും ചേച്ചിയും. വീട്ടിലെ ഇളയ മകന്‍ ആയതു കൊണ്ട് തന്നെഎല്ലാവരുടെയും സ്നേഹവും ലാളനയും കൂടുതല്‍ കിട്ടിയതും അജീഷിനു തന്നെ ആണ് . പക്ഷെഅപ്രതീക്ഷിതമായി അമ്മയുടെയും ചേട്ടന്റെയും മരണം അവന്റെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചു ..വീട്ടില്‍ അച്ഛനും അജീഷും തനിച്ചായി .

അമ്മ കൂടെ ഇല്ലാത്ത ജീവിതം , അമ്മ ഇല്ലാത്ത വീട് ഇതൊന്നും അജീഷിനു ഉള്‍കൊള്ളാന്‍കഴിഞ്ഞില്ല . അമ്മ മരിക്കുമ്പോള്‍ അവനു പത്തൊന്‍പതു വയസ്സാണ് പ്രായം . ചെറുപ്രായത്തിലെ അച്ഛന്റെയും വീടിന്റെയും സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന അവനുമുന്നോട്ടുള്ള ജീവിതം ദുസ്സഹമായി തോന്നി . ഒരു തൊഴില്‍ പഠിച്ചിരുന്നത് കൊണ്ട് അവന്റെപകലുകള്‍ തിരക്കുള്ളതായി, പക്ഷെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ , ഏകാന്തതഅവനെ വല്ലാതെ വേദനിപ്പിച്ചു . നിദ്ര അവന്റെ കണ്ണുകളെ തഴുകാന്‍ മടിച്ചു നിന്നു. ഓര്‍മ്മകള്‍അവനെ ഭ്രാന്ത് പിടിപ്പിച്ചു .

പിന്നീടു അവന്റെ വൈകുന്നേരങ്ങള്‍ കൂട്ടുകാരുമോന്നിച്ചായി . പക്ഷെ അത് നല്ലതിന്ആയിരുന്നില്ല . സങ്കടങ്ങളുടെയും നിരാശയുടെയും നിലയില്ലാ കയത്തില്‍ മുങ്ങി പോയഅജീഷിനെ തിരിച്ചു കൊണ്ടുവരാനായി ,കൂട്ടുകാര്‍ അവനെ മദ്യത്തിന്റെ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട് പോയി !പതിയെ പതിയെ അജീഷ് മദ്യത്തിനു അടിമയായി . പലരും ഉപദേശിച്ചുനോക്കി ഒരു ഫലവും ഉണ്ടായില്ല , അവസാനം വീട്ടുകാര്‍ അജീഷിന്റെ വിവാഹം നടത്താന്‍തീരുമാനിച്ചു . ആലോചനകള്‍ പലതും വന്നു , പറ്റിയ ഒരെണ്ണം വീട്ടുകാര്‍ ഉറപ്പിച്ചു .
അജീഷ്ന്റെ ആലോചന വന്നപ്പോള്‍ ഷീജായുടെ വീട്ടുകാര്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല . നല്ലപയ്യന്‍ , വീട്ടില്‍ അച്ഛനും മകനും മാത്രം . നല്ല ജോലിയും ഉണ്ട് . ഇരു വീട്ടുകാരും ആലോചിച്ചുകല്യാണം ഉറപ്പിച്ചു. തെറ്റില്ലാതെ സ്രീധനം കൊടുത്താണ് ഒരേഒരു മകളായ ഷീജയെ അവര്‍വിവാഹം ചയ്തു അയച്ചത് . രണ്ടു ഏട്ടന്മാര്‍ക്കു ഒരു പെങ്ങള്‍ അല്ലെ ! വിവാഹത്തിന് ഒരു ആഴ്ചമുന്‍പേ അജീഷ് മദ്യപാനം ഉപേക്ഷിച്ചു . എല്ലാവരും സന്തോഷിച്ചു ,വിവാഹം മംഗളമായിനടന്നു . ഏകദേശം ഒരു മാസം അങ്ങിനെ കടന്നു പോയി.അജീഷ് വീണ്ടും പഴയതുപോലെമദ്യം ഉപയോഗിച്ചു തുടങ്ങി .. അതോടെ പുത്തരിയില്‍ കല്ല്‌ ,
കടിച്ചത് പോലെ ആയി അവരുടെ ജീവിതം . വിവാഹം കഴിച്ചു ഒരു ജീവിതം ഒക്കെ ആകുമ്പോള്‍ അജീഷ് എല്ലാ സങ്കടങ്ങളുംമറക്കും എന്ന് കരുതിയവര്‍ക്കൊക്കെ തെറ്റി.ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയജീവിതത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ പെണ്‍കുട്ടിയുടെ മോഹങ്ങളും സ്വപ്നങ്ങളും ചില്ല് കൊട്ടാരം പോലെ പൊട്ടിത്തകര്ന്നപ്പോള്‍. ജീവിതത്തെ നോക്കി പകച്ചു നില്ക്കാന്‍ മാത്രമേഅവള്‍ക്കു കഴിഞ്ഞുള്ളൂ

ഒന്നിനും ഒരു കുറവുമില്ലാതെ അജീഷ് അവളെ നോക്കിയിരുന്നു . ആവശ്യങ്ങള്‍ അറിഞ്ഞു നടത്തികൊടുത്തു , പക്ഷെ മദ്യം ക്രൂരനായ വില്ലന്റെ രൂപത്തില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ എല്ലാം തകിടം മറിഞ്ഞു . മദ്യം അകത്തു ചെന്ന് കഴിഞ്ഞാല്‍ അജീഷ് വേറൊരാളായി മാറുകയായി , എന്താണ് അവന്‍ ചെയ്യുന്നത് എന്ന് അവനുതന്നെ അറിയാത്ത അവസ്ഥ. വയസ്സായ അച്ഛനെയും അവന്റെ പെണ്ണിനേയും വായില്‍ തോന്നുന്നതൊക്കെ പറയുന്നത് ശീലമാക്കി ,മാത്രമല്ല കയില്‍ കിട്ടുന്നതൊക്കെ എടുത്തെറിഞ്ഞു പൊട്ടിക്കുക എന്നുള്ളത് നിത്യ സംഭവമായി .പക്ഷെ നേരം പുലര്‍ന്നു കഴിഞ്ഞാല്‍ തലേദിവസം രാത്രി എന്താണ് സംഭവിച്ചത് എന്ന് അജീഷിനു ഒരു ഓര്‍മയും ഇല്ല . രാവിലെ അവന്‍ മദ്യം കഴിക്കില്ലഎന്ന് തീരുമാനിക്കും , പക്ഷെ വൈകുന്നേരം ആകുമ്പോഴേക്കും അതൊരു മണ്ടന്‍ തീരുമാനമായിഅവനു തോന്നും . പ്രതിന്ജകളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞു പോകും . ഒന്ന്സങ്കടം പറഞ്ഞു കരയാന്‍ പോലും ആരുമില്ലാതെ ഷീജ വീട്ടില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞു . രാത്രികളെ അവള്‍ വല്ലാതെ ഭയപ്പെട്ടു. അവസാനം അവള്‍ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തംവീട്ടിലേക്കു പോയി .

രണ്ടു ദിവസം കഴിഞ്ഞു അജീഷ് പോയി തിരിച്ചുവിളിച്ചു , ഷീജ പിണക്കവും ദേഷ്യവും ഒക്കെമറന്നു തിരിച്ചു വന്നു . അജീഷിനു പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല . ഇങ്ങനെ ഇണങ്ങിയുംപിണങ്ങിയും ഏകദേശം ഒരു വര്‍ഷം കടന്നു പോയി , ഇതിനിടയില്‍ ഷീജ ഗര്‍ഭിണിയായി , ഒരു ആണ്കുഞ്ഞിന്റെ
അമ്മയായി. ഒരു കുഞ്ഞുണ്ടായി കഴിഞ്ഞപ്പോള്‍ എങ്കിലും അജീഷിന്റെസ്വഭാവത്തില്‍ മാറ്റം ഉണ്ടാകും എന്ന് ഷീജ പ്രതീക്ഷിച്ചു പക്ഷേ അവനു ഒരു മാറ്റവും ഉണ്ടായില്ല.മദ്യം ഒഴിവാക്കി ജീവിക്കാന്‍ അവനു കഴിയുമായിരുന്നില്ല . എല്ലാം സഹിച്ചുംക്ഷെമിച്ചും തന്റെ പോന്നോമനയുടെ കളിയിലും ചിരിയിലും എല്ലാം മറന്നു ജീവിക്കാന്‍ ഷീജശ്രെമിച്ചു.. കുറച്ചൊക്കെ അവള്‍ക്കു അതില്‍ വിജയിക്കാന്‍ കഴിഞ്ഞു, അങ്ങിനെ കുഞ്ഞിനു ഒന്നരവയസ്സ് പ്രായമായി .

അന്നൊരു ഞായറാഴ്ച ആയിരുന്നു . അജീഷ് പതിവുപോലെ മദ്യത്തില്‍ മുങ്ങികുളിച്ച് വീട്ടിലെത്തിഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു ഷീജയോടു പിണങ്ങി . ചെറിയ പിണക്കം വലിയ വഴക്കായി. എടുത്തു എറിഞ്ഞു പൊട്ടിക്കാന്‍ ബാക്കി ഉണ്ടായിരുന്നതൊക്കെ അവന്‍ എടുത്തു എറിഞ്ഞുനശിപ്പിച്ചു . അതിനിടയില്‍
ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെ അജീഷ് അടിച്ചു . പാവം കുട്ടിയുടെ കരച്ചില്‍ കേട്ട്ഓടിവന്ന ഷീജക്ക് സഹിക്കാന്‍ കഴിഞ്ഞില്ല . കുഞ്ഞിനെ കെട്ടിപിടിച്ചു അവള്‍ പൊട്ടികരഞ്ഞുഅവനെ സമാധാനിപ്പിച്ചു ,കുഞ്ഞിനേയും എടുത്തു അച്ഛന്റെ അടുത്തെത്തി . അച്ഛാ മോനെനോക്കണേ എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയ അവള്‍ !മണ്ണെണ്ണ നിറച്ച ജാര്‍ എടുത്തുഅജീഷിന്റെ മുന്‍പില്‍ എത്തി . എന്തോ ഒരു വല്ലാത്ത ഭാവം ആയിരുന്നു അവള്‍ക്കു ! അജീഷ്നോക്കി നില്‍ക്കെ അവള്‍ സ്വന്തം തലയിലേക്ക് മണ്ണെണ്ണ ജാര്‍ കമിഴ്ത്തി . അവനു ഒന്നുംചെയ്യാന്‍ കഴിയും മുന്നേ തീ കൊളുതികഴിഞ്ഞിരുന്നു ! എന്ത് ചെയ്യണം എന്നറിയാതെ ഒരുനിമിഷം പകച്ചു പോയെങ്കിലും വേഗം വെള്ളം കോരിഒഴിച്ചു തീ അണച്ചു . പക്ഷെ വൈകിപോയിരുന്നു . ദേഹം മുഴുവന്‍ തീ . !
നക്കിതുടച്ചു !വേദന കൊണ്ട് പുളയുന്ന അവളുടെ നിലവിളികേട്ടു ഓടികൂടിയ ആളുകള്‍ ഷീജയെ ആശുപത്രിയില്‍ എത്തിച്ചു . അജീഷിനെ ഭാര്യയെകൊല്ലാന്‍ ശ്രെമിച്ചതിനു പോലീസ് അറസ്റ്റു ചെയ്തു .

ഒരുമാസം ആശുപത്രിയില്‍ കിടന്നു ഷീജ ....! അച്ഛനെയും അമ്മയെയും കാണാതെ പിഞ്ചു കുഞ്ഞിന്റെ രോദനം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട് ! കുഞ്ഞിനെ കാണണം എന്ന് ഷീജ പറഞ്ഞപ്പോള്‍ ആരോ കുട്ടിയെ എടുത്തു കൊണ്ട് വന്നു അവളെ കാണിച്ചു . മോനെ ....... എന്ന് അവളുടെ വിളികേട്ടു ,എവിടെനിന്നാണ് തന്റെ അമ്മയുടെ വിളി കേട്ടത് എന്ന് പരതുന്ന പിഞ്ചു കുഞ്ഞിന്റെ നിറ കണ്ണുകള്‍ .. ശബ്ദം കേട്ട ദിക്കിലേക്ക് വീണ്ടും വീണ്ടും അവന്‍ മിഴികള്‍ പായിച്ചു . പക്ഷെ തന്റെ അമ്മയെ അവനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല . തീനാളങ്ങള്‍ വികൃതമാക്കിയ തന്റെ മുഖം മനസ്സിലാക്കാതെ വിതുമ്പുന്ന തന്റെ പൊന്നുമോനെ ഒന്ന് വാരി എടുക്കാന്‍ പോലും ആവാതെ അവള്‍..നിശബ്ദം തേങ്ങി .കണ്ടുനിന്നവര്‍ പോലും പൊട്ടികരഞ്ഞു പോയി..പിന്നെ അവള്‍ തന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ടില്ല .ഒരുമാസം തീവ്രവേദനയുടെ അവസാനം സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ബാക്കി വെച്ച് തന്റെ പോന്നുമുത്തില്ലാത്ത ലോകത്തേക്ക് .. ശാന്തിയുടെ .. സമാധാനത്തിന്റെ നിത്യതയുടെ ലോകത്തിലേക്ക്‌ അവള്‍ യാത്രയായി ...

ഒരുമാസം ജയില്‍ ജീവിതത്തിനിടയില്‍ അജേഷ് തന്റെ ഇതുവരെ ഉള്ള ജീവിതം ഒന്ന് തിരിഞ്ഞു നോക്കി . എന്തായിരുന്നു ഞാന്‍ എന്ന് അവനു മനസ്സിലായി .. എത്രയും പെട്ടന്ന് പുറത്തിറങ്ങണം നല്ലവനായി ജീവിക്കണം എന്ന് അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു . പക്ഷെ അവനെ സഹായിക്കാന്‍ ആരും ഉണ്ടായില്ല ..ഷീജ മരിച്ചതിന്റെ പിറ്റേ ദിവസം പത്രത്തില്‍ വാര്‍ത്ത‍ ഉണ്ടായിരുന്നു ! അത് കണ്ടതോടെ അവനു ജീവിക്കാന്‍ ഉള്ള ആശ അവസാനിച്ചു പക്ഷെ വീട്ടില്‍ എത്തി തന്റെ മോനെ കണ്ടിട്ട് വേണം എന്ന് അവന്‍ ആഗ്രഹിച്ചു . ആരും ജാമ്യത്തിന് ശ്രെമിച്ചില്ല. അങ്ങിനെ ആറുമാസങ്ങള്‍ വേഗം കടന്നു പോയി . സ്വന്തം ജാമ്യത്തില്‍ അവനെ പുറത്തു വിട്ടു . പുറത്തിറങ്ങിയ അവനു കുഞ്ഞിനെ കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല . ഷീജയുടെ വീട്ടുകാര്‍ അതിനു അനുവദിച്ചില്ല .. മൂന്നു ദിവസം അവന്‍ ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ കഴിച്ചു കൂട്ടി . ഓര്‍മ്മകള്‍ അവനെ വേട്ടയാടി , അമ്മയെയും ചേട്ടനെയും പിന്നെ അവന്റെ എല്ലാമായിരുന്ന ഭാര്യയെയും പൊന്നുമുത്തിനെയും . ആരെയും മനസ്സ് തുറന്നു സ്നേഹിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് അവന്‍ മനസ്സിലാക്കിയപ്പോഴേക്കും എല്ലാം കൈവിട്ടു പോയി . ഷീജയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്നുള്ള സത്യം അവനു ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല . തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ ഉള്ള മോഹം അവനെ വല്ലാതെ ഒരു അവസ്ഥയില്‍ എത്തിച്ചു
.


എങ്ങനെ കാണും എന്ന് അജീഷിനു ഒരു പിടിയും ഉണ്ടായിരുന്നില്ല . താന്‍ കാരണം ആണ് ഷീജ മരിച്ചത് . അത് അവളുടെ മാതാപിതാക്കള്‍ക്ക് ഒരിക്കലും പൊറുക്കില്ല . അത് കൊണ്ട് തന്നെ തന്റെ കുഞ്ഞിനെ കാണാന്‍ അവര്‍ അനുവദിക്കില്ല എന്ന് ഉറപ്പായിരുന്നു . എന്നിട്ടും അവന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തു ഒരു തവണ എങ്കിലും എന്റെ കുഞ്ഞിനെ ഒന്ന് കാണിക്കാന്‍ കെഞ്ചി നോക്കി . പക്ഷെ അവരുടെ മനസ്സ് അലിഞ്ഞില്ല . ഇനി ഒരിക്കലും വിളിക്കരുത് എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു . അവന്‍ തകര്‍ന്നു പോയി . ജീവിതത്തില്‍ ഒറ്റപെടല്‍ എന്താണ് എന്നും അതിന്റെ തീവ്രത എത്രത്തോളം ഉണ്ട് എന്നും അവന്‍ മനസ്സിലാക്കി . ആരും ഇല്ലാത്ത ലോകത്ത് ഇനി എന്തിനാ ഇങ്ങനെ ഒരു ജീവിതം എന്ന് അവന്‍ ചിന്തിച്ചു . ഷീജയും കുഞ്ഞുമില്ലാതെ ഒരു നിമിഷം പോലും അവനു മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല .ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നവനു തോന്നി . മനസ്സില്‍ തീരുമാനം ഉറച്ചതോടെ അവന്‍ സ്വന്തം മുറിയില്‍ കയറി വാതില്‍ അടച്ചു . പിന്നെ വാതില്‍ തുറന്നില്ല! നേരം പുലര്‍ന്നിട്ടും അജീഷിനെ പുറത്തു കാണാഞ്ഞപ്പോള്‍ ഉറക്കം ആവും എന്ന് കരുതി പക്ഷേ ഉച്ചയായിട്ടും കതകു തുറക്കാഞ്ഞപ്പോള്‍ സംശയം ആയി . അജീഷിന്റെ അച്ഛന്‍ ഒരുപാടു തവണ വാതിലില്‍ മുട്ടി നോക്കി . അവസാനം മറ്റു മാര്‍ഗമില്ലെന്നായപ്പോള്‍ കതകു ചവിട്ടി പൊളിച്ചു . അവിടെ കണ്ട കാഴ്ച മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു .ഒരു മുഴം തുണിയില്‍ അജീഷിന്റെ മരവിച്ച ശരീരം !ഒറ്റപെടലിന്റെ തീരാ ശാപവും പേറി അവന്‍ സ്വയം ജീവിതം അവസാനിപ്പിച്ചപ്പോള്‍ തകര്‍ന്നു പോയതു വൃദ്ധനായ പിതാവാണ് .അനാഥനായി പോയത് ജീവിതം എന്താണ് എന്ന് അറിയാത്ത ഒരു പാവം രണ്ടുവയസ്സുകാരനും . കുരുന്നിന് നഷ്ട്ടപെട്ടു പോയ അവന്റെ ജീവിതം ആര്‍ക്കു തിരിച്ചു കൊടുക്കാനാവും . അച്ഛനമ്മമാരോടൊപ്പം ജീവിക്കാനുള്ള അവന്റെ അവകാശം നിഷേധിക്കപെട്ടത്‌ എന്തുകൊണ്ടാണ് ? ആരാണു ഇതിനു ഉത്തരവാദി.. വിധി ആണോ....
അതോ....................??

Monday, July 26, 2010

നഷ്ട്ട സ്വപ്‌നങ്ങള്‍

രാത്രിയുടെ അന്ത്യയാമമായിട്ടും ഉറക്കം ജലജയുടെ കണ്പോളകളെ തഴുകാന്‍ മടിച്ചു നിന്നു. നാളത്തെ ദിവസം തന്റെ വിധി നിര്‍ണയിക്കുന്ന ദിവസം ആണെന്നവള്‍ ഓര്‍ത്തു . തന്റെ എല്ലാമെല്ലാമായ വേണുവേട്ടനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അവളുടെ മിഴിയിണകള്‍ നിറഞ്ഞൊഴുകി .. നാളെ മുതല്‍ അദ്ദേഹം വേറൊരു പെണ്ണിന് സ്വന്തമാവുകയാണ് , ഇനി തനിക്കു വേണുവേട്ടനില്‍ യാതൊരു അധികാരമോ അവകാശമോ ഇല്ല എന്നോര്‍ത്തപ്പോള്‍, നെഞ്ച് പോട്ടിതകരുന്നതുപോലെ തോന്നി അവള്‍ക്ക്.എന്ത് കൊണ്ട് തന്റെ ജീവിതം ഇങ്ങനെആയി. മുന്‍ജന്മ പാപം ആണോ ...അതോ വിധിയുടെ വിളയാട്ടമോ ? ചരട് പൊട്ടിയ പട്ടം പോലെ പിടിവിട്ട മനസ്സു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ അതിവേഗം പറന്നു തുടങ്ങി

പത്താം ക്ലാസ്സ്‌ പാസ്സായി .വീടിനടുത്തുള്ള കോളേജില്‍ അഡ്മിഷന്‍ കിട്ടി, ക്ലാസ്സ്‌ തുടങ്ങാന്‍ ഒരുമാസം ഇനിയും ബാക്കി ആണ് . ഈ സമയത്താണ് ഗിരീഷിനെ പരിചയപ്പെടുന്നത് . പരിചയം അടുപ്പമായി , കൂടുതല്‍ അറിഞ്ഞപ്പോള്‍ സഹതാപം തോന്നി . സഹതാപം പിരിയാന്‍ വയ്യാത്ത അടുപ്പം ആയിമാറാന്‍ അതിക ദിവസങ്ങള്‍ വേണ്ടി വന്നില്ല . ചെയ്യുന്ന തെറ്റിന്റെ ആഴം മനസ്സിലാക്കാതെ , ഗിരി വിളിച്ചപ്പോള്‍ ആ കൂടെ ഇറങ്ങിപോകാന്‍ തയ്യാറായ മനസ്സിന്റെ ധൈര്യം എങ്ങനെ ഉണ്ടായി എന്ന് അറിയില്ല .തെറ്റാണ് ചെയ്തത് എന്ന് മനസ്സിലാക്കുമ്പോഴേക്കും ഒരു പാട് വൈകി പോയിരുന്നു . വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുടെ കൂടെയാണ് താന്‍ ഇറങ്ങി പോയത് എന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി . ആദ്യ മുന്ന് നാലു മാസം ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി . സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു ഗിരിക്ക് . പിന്നീടു ജിവിതം താളം തെറ്റി . തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റമായി മാറി . കുറെ പട്ടാള ചിട്ടകള്‍ . അതൊക്കെ ഒരു വിധം പഠിച്ചു വരുമ്പോഴേക്കും ഒരു മകളെ ദൈവം തന്നു . പിന്നെ ഉള്ള ജീവിതം അവള്‍ക്കുവേണ്ടി ആയി . ഇതിനിടയില്‍ ഗിരി ഒരു തികഞ്ഞ മദ്യപാനിയായി മാറി

മദ്യപിച്ചു വന്നാല്‍ ഒന്ന് പറഞ്ഞു രണ്ടാമത് ചവിട്ടും തൊഴിയുമായി.. എല്ലാം സഹിച്ചു ! സ്വയം എടുത്തു ചാടി വീട് വിട്ടു ഇറങ്ങിപോയതിന്റെ പരിണിത ഫലമല്ലേ . വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസവും സഹതാപവും കൂടി ആയപ്പോള്‍ എല്ലാം തികഞ്ഞു....ഇതിനിടയില്‍ . ഒരു കുഞ്ഞു കൂടി ജനിച്ചു . അതോടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായി ....... ഇളയ കുഞ്ഞിനു ഒരു വയസ്സ് പ്രായം ആയപ്പോള്‍ ഗിരി ജോലി തേടി മദ്രാസ്സിനുപോയി . അന്ന് പോയ ആള്‍ പിന്നെ മടങ്ങി വന്നില്ല ... കുറെ കാലം ... കാത്തിരുന്നു....ഒരു കത്തില്ല .. പണം ഇല്ല .. ഒരു വിവരവും ഇല്ല .. തീര്‍ത്തും ..ഒറ്റപെട്ടു ....


എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്ന് ഒരു ലക്ഷ്യവും ഇല്ലാത്ത കുറെ മാസങ്ങള്‍ കടന്നു പോയി.
അവസാനം വീട്ടുകാരുടെ സംരക്ഷണയില്‍ ജീവിച്ച നാളുകള്‍ ,കുട്ടികളുടെ അനാരോഗ്യവും , വിട്ടുമാറാത്ത രോഗങ്ങളും മൂലം മാനസ്സികമായി തളര്‍ന്നുപോയ ദിനരാത്രങ്ങള്‍ .... .ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസങ്ങള്‍... അങ്ങിനെ ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ .. എന്തെങ്കിലും ഒരു തൊഴില്‍ പഠിക്കണം എന്നുള്ള തീരുമാനം , മനസ്സില്‍ ഉറച്ചു . ചില നല്ല മനുഷ്യരുടെ സഹായത്തോടു കൂടി പഠിക്കാന്‍ ചേര്‍ന്ന് . ചെറിയ ജോലി ചെയ്തു പഠിക്കുവാനുള്ള പണം കണ്ടെത്തി .പഠനം പൂര്‍ത്തിയാക്കി . പക്ഷെ ജോലിക്ക് വേണ്ടി കേരളത്തിന്‌ പുറത്തു പോകുവാനുള്ള ശ്രമം വീട്ടുകാര്‍ നിരുല്സാഹപെടുത്തി . അതോടെ പ്രതീക്ഷ നശിച്ചു ..

ഒരു ചെറിയ ജോലി കിട്ടിയത് കൊണ്ട് ഒരു വിധത്തില്‍ ജീവിതം മുന്നോട്ടു പോയി .. പക്ഷെ ആ സന്തോഷം അതികകാലം നിന്നില്ല . വീട്ടുകാര്‍ക്ക് ഞാന്‍ ഒരു ഭാരമാവാന്‍ അതികനാള്‍ വേണ്ടി വന്നില്ല. അനിയന്റെ കല്യാണം കഴിഞ്ഞതോടെ വീട്ടില്‍ ഞാന്‍ തീര്‍ത്തും ഒരു ശല്യമായി മാറി . എനിക്ക് വീട് വിട്ടു ഇറങ്ങേണ്ടി വന്നു .. ഒറ്റപ്പെടലിന്റെയും അനാഥത്വതിന്റെയും തീവ്രത പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി .. ഈ സമയത്താണ് എന്റെ ഒരു സഹപാഠിയെ കണ്ടു മുട്ടുന്നത് .. എന്റെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ അദേഹം എന്നെ സഹായിച്ചു .. എനിക്ക് തല്ക്കാലം ജീവിക്കാന്‍ ഉള്ള മാര്‍ഗം ഉണ്ടാക്കി തന്നു. ഒരു വീട് വാടകയ്ക്ക് എടുത്തു ഒരുമിച്ചു താമസം തുടങ്ങി .. ചെറിയ ഒരു ബിസ്സിനസ്സ് തുടങ്ങി ജീവിതം പതിയെ പച്ചപിടിച്ചു വന്നു .. എന്റെ പ്രയാസങ്ങള്‍ എല്ലാം മാറി ഒരു നല്ല ജീവിതം ,ഞാന്‍ സ്വപ്നം കാണുന്നതിനും അപ്പുറം ഉള്ള ഒരു ജീവിതം എനിക്ക് ദൈവം തന്നു .പക്ഷെ ഒരു കരാര്‍ ഉണ്ടായിരുന്നു ഞങള്‍ തമ്മില്‍ ..

അദ്ദേഹം വിവാഹിതന്‍ ആയിരുന്നില്ല. വീട്ടുകാര്‍ വിവാഹത്തിന് തിടുക്കം കൂട്ടിയിരുന്നു . വളരെ വിഷമത്തോടെ .. എന്നോട് അദ്ദേഹം പറഞ്ഞിരുന്നു . എനിക്ക് വിവാഹം കഴിച്ചേ പറ്റു. പക്ഷെ നിന്നെ ഞാന്‍ ഒരിക്കലും ഒഴിവാക്കില്ല .. നിങ്ങള്ക്ക് ജീവിക്കാന്‍ ഉള്ള മാര്‍ഗം ഞാന്‍ ഉണ്ടാക്കി തന്നിട്ടേ . വിവാഹം കഴിക്കു .. ഞാന്‍ അത് സമ്മതിച്ചു . എനിക്ക് ഒരിക്കലും അദ്ദേഹം വിവാഹം കഴിക്കരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ . പക്ഷെ വിവാഹം ഉടനെ ഒന്നും നടന്നില്ല .. വര്‍ഷങ്ങള്‍ കടന്നു പോയി .... ഇണങ്ങിയും പിണങ്ങിയും പന്ത്രണ്ടു വര്‍ഷം ഒരുമിച്ചു ജീവിച്ചു ... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു ഈ പന്ത്രണ്ടു വര്‍ഷം. പക്ഷെ ഇപ്പൊ എല്ലാം തകര്‍ന്നു ... അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു .. വിവാഹം തീരുമാനിച്ചതോട് കൂടി അദ്ദേഹം എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. പക്ഷെ എനിക്കറിയില്ലാരുന്നു വിവാഹം നിശ്ചയിച്ചു എന്ന് . വിവാഹത്തിന് ഒരു മാസം മുന്‍പേ എന്നോട് പറഞ്ഞു വിവാഹം നിശ്ചയിച്ചു എന്ന്! തകര്‍ന്നു പോയി ഞാന്‍ ... ഇത്രയും കാലം എന്റെ സ്വന്തം എന്ന് കരുതിയ ആള്‍ എനിക്ക് അന്യനാകാന്‍ പോകുന്നു എന്നുള്ള ചിന്ത എന്നെ മാനസ്സികമായി തളര്‍ത്തി .......

എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു ഊഹവും ഇല്ല . ഓരോ നിമിഷവും ഓരോ യുഗങ്ങളായി ... ഒരിക്കല്‍ കൈവിട്ടു പോയ എന്റെ ജീവിതം തിരികെ കിട്ടിയപ്പോള്‍ ഒരു പാട് സന്തോഷിച്ചിരുന്നു ... വീണ്ടും അത് തകരാന്‍ പോകുന്നു എന്നുള്ള സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ലാ. ഇത്ര കാലവും ഞാന്‍ ജീവിച്ചതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് .. ഇനി ഞാന്‍ ആരോട് പിണങ്ങും ? ആരോട് എന്റെ സങ്കടങ്ങള്‍ പറയും .. ഇത്ര കാലവും എന്റെ മാത്രം സ്വന്തം എന്ന് കരുതിയ ആ നെഞ്ചില്‍ തല ചായ്ച്ചു ഉറങ്ങാന്‍ എനിക്ക് കഴിയുമോ.....? ഇതുവരെ എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്ന സ്വാതന്ത്രിയവും അവകാശവും ഇനി ഉണ്ടാവുമോ .. ഇല്ലാ .....

ഒരിക്കലും എനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടില്ല ......ഉറക്കം വരാത്ത രാവിന്‍റെ ഏതോ യാമത്തില്‍ കണ്ട ഒരു പാഴ്കിനാവ് പോലെ മാഞ്ഞു പോയ ജീവിതം ...മറക്കാനാകാത്ത കുറെ ഓര്‍മ്മകള്‍ ബാക്കി വെച്ച് എന്നോട് യാത്ര പറഞ്ഞു പോയിട്ട് ഒരു മാസം ആകുന്നു ... ഓരോദിവസവും ഇരുണ്ടു വെളുക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കും . ഇന്ന് അദ്ദേഹം വരും. ഇഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ച് കാത്തിരുന്നു പക്ഷെ എന്റെ കാത്തിരുപ്പ് വെറുതെയായി .... അദ്ദേഹം വന്നില്ല ... അങ്ങിനെ മുപ്പതു ദിവസവും കടന്നു പോയി . നാളെ പുലരുമ്പോള്‍ ..എന്റെ വിധി നിര്‍ണയിക്കും

എനിക്ക് ഒരിക്കലും അനുകൂലമല്ലാത്ത ഒരു വിധി ... നാളെ ഒരു പെണ്ണിന് മംഗല്യ ഭാഗ്യം ലഭിക്കുമ്പോള്‍ , ഒരു പെണ്ണിന് ജീവിതം നഷട്ടപെടുന്നു .. നാളെ നേരം പുലരാതിരുന്നെങ്കില്‍ ...ഈ രാത്രിയോട്‌ കൂടി ലോകം അവസാനിച്ചിരുന്നു എങ്കില്‍ ... ഇനി എന്തിനു ഞാന്‍ ജീവിച്ചിരിക്കണം .. ഭൂമിക്കു ഭാരമായി , മറ്റുള്ളവരുടെ പരിഹാസപാത്രമാകാന്‍ വേണ്ടി മാത്രം ..... വേണ്ടാ ... ഈ ജീവിതം ... ഈ രാത്രിയുടെ യാത്ര അവസ്സാനിക്കുന്നതോടെ എന്റെ ജീവിത യാത്രയും അവസ്സാനിക്കട്ടെ ... മനസ്സില്‍ തീരുമാനം ഉറച്ചതോടെ അവള്‍ എഴുനേറ്റു .. ഉറക്ക ഗുളികയുടെ കുപ്പി തുറന്നു .... പിന്നെ ഒന്നും ആലോചിച്ചില്ല ..... അവളുടെ മനസ്സ് ശൂന്യമായിരുന്നു .... എന്റെ വിധി ഞാന്‍ തന്നെ നിര്‍ണയിക്കുന്നു .... വേണുവേട്ടാ ........ മാപ്പ് ..... നഷ്ട്ട സ്വപ്നങ്ങളുമായി .. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു , പരിഭവങ്ങളില്ലാത്ത . പരാതികളില്ലാത്ത സ്വപ്‌നങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌....
അവള്‍ തനിയേ .......യാത്രയായി .....

Tuesday, May 18, 2010

ജൂനിയര്‍ ആര്‍ടിസ്റ്റ്

സിനിമയുടെയും സീരിയലിന്റെയും എന്ന് വേണ്ട മിക്ക പ്രോഗ്രാമുകളുടെയും സ്ഥിരം പ്രേക്ഷകര്‍ ആണ് നമ്മള്‍ മലയാളികള്‍ . ഈ സിനിമയുടെ ഒക്കെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാടു കലാകാരന്‍മാര്‍ ഉണ്ട് . അതില്‍ ഒരുവിഭാഗം ആളുകള്‍ ആണ് ജൂനിയര്‍ ആര്‍ടിസ്റ്റ് . ജൂനിയര്‍ ആര്‍ടിസ്റ്റ് ഇല്ലാതെ ഒരു സിനിമയോ സീരിയലോ ഉണ്ടാവുന്നില്ല . പക്ഷെ ഇവരെ ആരും തിരിച്ചറിയുന്നില്ല , അല്ലെങ്കില്‍ അറിയാന്‍ ശ്രെമിക്കുന്നില്ല .


( സിനിമയിലും സീരിയലിലും ഒക്കെ ജൂനിയര്‍ ആര്‍ടിസ്റ്റ് നെ കൊടുക്കുന്നത് ഇടനിലക്കാരന്‍ (എജന്റ്റ്) ആണ് .എജന്റ്റ് പറയുന്നത് അനുസരിച്ച് ആളുകള്‍ അയാളുടെ അല്ലെങ്കില്‍ ഏജന്റിന്റെ സഹായിയുടെ അടുത്തെത്തും .ഇവരെ എജന്റ്റ് ലൊക്കേഷനില്‍ എത്തിക്കും . രാവിലെ ആറുമണിക്ക് . വീട്ടില്‍ നിന്ന് യാത്ര തിരിക്കുന്ന ആര്‍ടിസ്റ്റ് തിരികെവീട്ടില്‍ എത്തുന്നത്‌ ചിലപ്പോള്‍ പാതി രാത്രി കഴിയും . ഇവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ വളരെ തുച്ഛം അതുംഏജന്റിന്റെ കമ്മീഷന്‍ എടുത്തതിനു ശേഷം മാത്രം . ഒരാള്‍ക്ക് ഇരുനൂറു രൂപ മുതല്‍ ആണ് പ്രതിഫലം . എജന്റ്റ്വാങ്ങുന്നത് ഒരാള്‍ക്ക് ആയിരം രൂപ ആണെകില്‍ ) ആര്‍ടിസ്റ്റ് നു കൊടുക്കുന്നത് കേവലം ഇരുനൂറ്റി അമ്പതു രൂപയാകും .പിന്നെ പുരുഷന്മാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ പ്രതിഫലം സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട് . അതും കൂടിപോയാല്‍ നാനൂറു രൂപ അതില്‍ കൂടുതല്‍ ഇല്ല . രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ എന്ന് പറഞ്ഞാവും വര്‍ക്കിനു ഇവരെ വിളിക്കുക , പക്ഷെ വൈകിട്ട് ആറു മണി എന്നുള്ളത് എഴാകം പത്തു ആകാം, ചിലപ്പോ വെളുപ്പിന് നാലു മണി ആകാം . അപ്പോഴും പ്രതിഫലം ഒന്ന് തന്നെ .രാത്രി വര്‍ക്കിനു ഇരട്ടി കാശ് എജന്റ്റ് വങ്ങും . പക്ഷെ ഇവര്‍ക്ക് കൊടുക്കാറില്ല .എജന്റ്റ് കൊടുക്കുന്നത് വാങ്ങി ഇവര്‍ പോകും ഒരു പരാതിയും ഇല്ലാതെ, കാരണം പ്രതിഫലം കൂട്ടിത്തരാന്‍ ഒരാള്‍ പറഞ്ഞാല്‍ പിറ്റേ ദിവസം അവനു ജോലി ഉണ്ടാവില്ല . കിട്ടിയതും കൊണ്ട് വീട്ടില്‍ ഇരിക്കേണ്ടി വരും . അതുകൊണ്ട് ആരും മിണ്ടാറില്ല .

ചിലപ്പോ പൊരിവെയിലില്‍ ഒരെനില്പ്പു നിക്കേണ്ടി വരും. ഒരു സീന്‍ എത്ര റീ ടേക്ക് എടുക്കേണ്ടി വരുന്നോ ? അത്രയും സമയം ഇവര്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വരും . ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ ഏതെങ്കിലും സംഘടനകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല . ഇല്ല എന്നാണ് എന്റെ അറിവ് . ഒരു പാട് കുടുംബങ്ങള്‍ സിനിമയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട് ,പക്ഷേ അവര്‍ അര്‍ഹിക്കുന്ന വേതനമോ, പരിഗണനയോ ഇവര്‍ക്ക് കിട്ടുന്നില്ല എന്നുള്ളതു സത്യമാണ് .



അടുത്തിടെ നടന്ന സംഭവം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത് . ഇപ്പൊ ഒരു പ്രശസ്ത മലയാളം ചാനലില്‍ ഏഴ് മണിക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു സീരിയല്‍ . അതില്‍ അഭിനയിക്കുന്ന പ്രധാന നടിക്ക് പകരം ഡ്യുപ്പ് ചെയ്യാന്‍ ഒരു പെണ്‍കുട്ടി വേണം. എജന്റ്റ് ഒരു പതിനാറു വയസ്സുള്ള കുട്ടിയുടെ അമ്മയെ വിളിച്ചു പറഞ്ഞു , ചേച്ചി മോളെ രാവിലെ ആറു മണിക്ക് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കണം എന്ന് . കുട്ടിയുടെ അമ്മയും ജൂനിയര്‍ആര്‍ടിസ്റ്റ് ആണ് അവധിക്കാലമായത് കൊണ്ട് മകളെയും ചേച്ചി ഒന്ന് രണ്ടു തവണ കൊണ്ട് പോയിരുന്നു .പഠിക്കുന്ന കുട്ടിയാണ് ) . പറഞ്ഞത് പോലെ കുട്ടിയേയും കൊണ്ട് ആ അമ്മ ഏജന്റിന്റെ അടുത്തെത്തി, അവിടെ എത്തിയപ്പോള്‍ അമ്മക്ക് വേറെ വര്‍ക്കുണ്ട് . അവര്‍ക്ക് മകളുടെ കൂടെ പോകാന്‍ പറ്റിയില്ല . ആദ്യമായി സാരിഒക്കെ ഉടുപ്പിച്ചു ചേച്ചി മകളെ ഏജന്റിന്റെ കൂടെ വിട്ടു . ഡ്യുപ്പ് ചെയ്യാന്‍ ആണ് എന്ന് മാത്രം ആണ് പറഞ്ഞിരുന്നത് .ഒരു മണികൂര്‍ വര്‍ക്കുണ്ടാവും വേഗം കഴിയും ,എന്നൊക്കെ പറഞ്ഞാണ് എജന്റ്റ് കുട്ടിയുമായി പോയത് . കുട്ടിയെ ലൊക്കേഷനില്‍ കൊണ്ടാക്കി, എജന്റ്റ് അയാളുടെ വഴിക്ക് പോയി .


കുറെ സമയം കഴിഞ്ഞു അസിസ്റ്റന്റ്റ് ഡയറക്ടര്‍ വന്നു കുട്ടിയോട് അഭിനയിക്കാന്‍ ഉള്ള സീന്‍ എന്താ എന്ന് അറിയാമല്ലോ എന്ന് ചോദിച്ചു , കുട്ടി പറഞ്ഞു അറിയില്ല , എന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് . അപ്പോള്‍ , അസിസ്റ്റന്റ്റ് ഡയറക്ടര്‍ പറഞ്ഞു നായികയെ വെള്ളത്തില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് എന്ന് !കുട്ടി ഞെട്ടിപോയി ! പക്ഷെ അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല . ആരോട് പറയാന്‍ . പരിചയം ഉള്ള ആരും കൂട്ടത്തില്‍ ഇല്ല .എല്ലാവരും അപരിചിതര്‍ . പിന്നെ അതിന്റെ വീട്ടിലെ കഷ്ട്ടപാട് ഓര്‍ത്തോ എന്തോ കുട്ടി പറ്റില്ല എന്ന്പറഞ്ഞില്ല.

സംഭവം ഇതാണ് . ( നായികയെ കുറെ ഗുണ്ടകള്‍ ചേര്‍ന്ന് ബലമായി പിടിച്ചു കാറില്‍ കയറ്റി കൊണ്ട്പോയി ,പുഴയില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് .നായിക സീന്‍ അഭിനയിക്കില്ലല്ല്ലോ !) പറഞ്ഞതു പോലെകുട്ടിയെ കുറെ ഗുണ്ടകള്‍ ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയി ബലമായി കാറില്‍ നിന്ന് വലിച്ചിഴച്ചു . പുഴയില്‍കൊണ്ട് പോയി മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു . കുട്ടിക്ക് പുഴയിലെ വെള്ളത്തില്‍ വലിയ പരിചയം ഇല്ല . നീന്തല്‍അറിയില്ല . രണ്ടു മൂന്നു റിഹേര്‍സല്‍ കഴിഞ്ഞപ്പോഴേ കുട്ടി അവശയായി .അവസാനം ടേക്ക് നു സമയം ആയി . നാലു ഗുണ്ടകള്‍ ഇടവും വലവും നിന്ന് കുട്ടിയെ ബലമായി പിടിച്ചിരിക്കുന്നു . ഒരാള്‍ കുട്ടിയുടെ തല പിടിച്ചു പുഴയില്‍മുക്കിയിട്ടു ഉയര്‍ത്തുന്നു . മൂന്നോ നാലോ പ്രാവശ്യം വെള്ളത്തില്‍ മുക്കിപിടിച്ചിട്ടു കുട്ടി അവസാനം ചത്തത് പോലെ കിടക്കണം . സംവിധായകന്‍ ടേക്ക് പറയുന്നു .കുട്ടി വെള്ളത്തില്‍ ചത്തത് പോലെ കിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ , കുട്ടിയുടെ കാല് ചവിട്ടിയിരുന്നിടത്ത് നിന്നും പൊങ്ങി അടിഒഴുക്കില്‍ പെട്ടു ! കുട്ടി ശരിക്കും മുങ്ങാന്‍ തുടങ്ങി . ഭാഗ്യത്തിന് കൂടെ ഗുണ്ടകളായി അഭിനയിക്കാന്‍ ഉണ്ടായിരുന്ന ആരോ കുട്ടിയെ രക്ഷപെടുത്തി . പാവം കുട്ടി വെള്ളത്തില്‍ മുക്കിയപ്പോഴേ അതിന്റെ പാതി ജീവന്‍ പോയിരുന്നു . ഏതായാലും അപകടം ഒന്നും കൂടാതെ കുട്ടി രക്ഷപെട്ടു .

ജീവിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ പോയ ഒരു പാവം പെണ്‍കുട്ടിയുടെ അവസ്ഥയാണ്‌ നാം ഇവിടെ കണ്ടത് . അഞ്ഞൂറ് രൂപയാണ് അവര്‍ കുട്ടി മരിച്ചു അഭിനയിച്ചതിനു കൊടുത്ത പ്രതിഫലം . ഇങ്ങനെ യുള്ള സീന്‍ ഒക്കെ അഭിനയിക്കാന്‍ വെള്ളവുമായി പരിചയം ഉള്ളവരെ , നീന്തല്‍ അറിയാവുന്നവരെ അല്ലെ ഉപയോഗികണ്ടത് , മാത്രമല്ല കുട്ടിയോട് പറയണ്ടേ , വെള്ളത്തില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് അഭിനയികേണ്ടത് എന്ന് . അതിനു കുട്ടിക്ക് സമ്മദം ഉണ്ടെകില്‍ മാത്രമല്ലെ അതിനെ കൊണ്ട് സീന്‍ ചെയ്യിക്കാന്‍ പാടുള്ളൂ ? നിര്‍ഭാഗ്യവശാല്‍ കുട്ടിക്കു വെള്ളത്തില്‍ വെച്ച് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നു എങ്കില്‍ ?/

എനിക്കൊന്നെ പറയാനുള്ളൂ മക്കളെ അഭിനയിക്കാന്‍ വിടുന്ന എല്ലാ അമ്മമാരോടുമായി , കുട്ടികളെ അഭിനയിക്കാന്‍വിടുന്നുണ്ട് എങ്കില്‍, മാതാപിതാക്കള്‍ ആരെങ്കിലും കൂടെ പോകുക . എന്ത് വേഷം ആണ് അവര്‍ ചെയ്യേണ്ടതെന്നു ചോദിച്ചു മനസിലാക്കുക . പട്ടിണി കിടക്കേണ്ടി വന്നാലും കുട്ടികളെ ഇങ്ങനെ ഉള്ള അപകടങ്ങളിലേക്ക്, അറിഞ്ഞോ അറിയാതെയോ തള്ളി വിടാതിരിക്കുക . കാലം വല്ലാത്തതാണ് . ജാഗ്രത !

Friday, May 14, 2010

വേനല്‍ അവധികാലം

വീണ്ടും ഒരു വേനല്‍ അവധിക്കാലം കൂടി കടന്നു വന്നു കഴിഞ്ഞു . കൊടും ചൂടുമായാണ് ഇത്തവണ വേനല്‍ വന്നത് . പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ .അവധികാലത്തെ ഓര്‍മകളില്‍ ഏറ്റവും മനോഹരമായ ഓര്‍മകള്‍ ഉള്ളത് സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഓര്‍മ്മകള്‍ ആണ് .. മാര്‍ച്ച് അവസാനം ആകാന്‍ കാത്തിരിക്കും ഞങ്ങള്‍ .പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ പിന്നെ രണ്ടു മാസത്തേക്ക് , കളിച്ചു നടക്കാം , മാത്രമല്ല പടിക്ക് പടിക്ക് എന്നുള്ള വഴക്കില്ല , അതിരാവിലെ എഴുനേറ്റു പഠിക്കയും വേണ്ട , മതിയാവോളം മൂടി പുതച്ചു കിടന്നു ഉറങ്ങാം .


പത്തനംതിട്ട ജില്ലയിലെ ഒരു ഹരിത ഭംഗിയാര്ന്ന ഗ്രാമം . കുന്നുകളും വയലുകളും അരുവികളും , ചെങ്കുത്തായ റോഡുകളും . വലിയ പാറകളും , കുളങ്ങളും പുല്‍മേടുകളും ,നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമം .. വേനല്‍കാലമായാല്‍ ഗ്രാമത്തിലെ കിണറുകള്‍ എല്ലാം പണി മുടക്ക് പ്രഖ്യാപിക്കും . അതിന്റെ പ്രധാന കാരണം ഭൂമിയുടെ കിടപ്പ് തന്നെയാണ് . ചെങ്കുത്തായ ഭൂമിയാണ്‌ .. വെള്ളമൊക്കെ നിരപ്പായ സ്ഥലത്തേക്ക് താണ് പോകും .അത് കാരണം കിണറും കുളവും എല്ലാം വറ്റി വരളും . വേനല്‍ കാലമായാല്‍ വെള്ളത്തിന്‌ പരക്കം പാച്ചിലാണ് എല്ലാരും . ഒന്നോ രണ്ടോ കിണറുകള്‍ വറ്റാതെ ഉണ്ടാവും .പക്ഷെ അത് എല്ലാ ആവശ്യത്തിനും തികയില്ലല്ലോ . അപ്പൊ വയലില്‍ കൊയ്ത്തു കഴിഞ്ഞ സമയം ആയതു കൊണ്ട് പാടത്തു കുളം കുഴിക്കും . കുളം കുഴിച്ചാല്‍ പിന്നെ അവിടെ ധാരാളം വെള്ളം കിട്ടും . പക്ഷേ വെള്ളം എടുക്കാന്‍ ആളുകള്‍ തമ്മില്‍ മത്സരം ആകും . വെളുപ്പിനെ നാലു മണിക്ക് എഴുനേറ്റു വെള്ളം എടുക്കാന്‍ പോകും .. എന്നാലേ തെളിഞ്ഞ വെള്ളം കിട്ടു . സമയം ആളുകള്‍ കുറവായിരിക്കും .. വെള്ളം കുളിക്കാനും ബാക്കി ഉള്ള ഗാര്‍ഹിക അവശ്യങ്ങള്‍ക്കും ഉപയോഗിക്കും . കുടിവെള്ളത്തിന്റെ കാര്യം അപ്പോളും കഷ്ട്ടമാണ് ..


കുടിവെള്ളത്തിനു വേണ്ടി ഞങ്ങള്‍ പാറ ഇടുക്കുകളില്‍ നിന്നുള്ള ചെറിയ നീരുറവയെ ആശ്രയിക്കയാണ് പതിവ് .ഉറവ ഉള്ള ഭാഗം വൃത്തിയാക്കി ,അവിടെ നിന്ന് കുടമോ കലമോ വെച്ച് വെള്ളം പിടിക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കും . ചെറിയ പൈപ്പോ . ഓസോ . വെച്ച് അതില്‍ കൂടി വെള്ളം പാത്രത്തില്‍ പിടിക്കും .. ഇതിനും തിരക്കാണ് ആദ്യം ആദ്യം വരുന്നവര്‍ക്ക് ആണ് മുന്ഗണന . ഒരാള്‍ക്ക് രണ്ടു കുടം വെള്ളം, അത് കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് .. അങ്ങിനെ .. ഇതിനിടക്ക്‌ കുടം വെച്ചിട്ട് ആള് പോയാല്‍ ,അത് നിറയുമ്പോള്‍ വേറെ ആരെങ്കിലും എടുത്തു കൊണ്ട് പോകും . അപ്പൊ തമ്മില്‍ അടിയാകും . അവധി കാലത്തുള്ള ഞങ്ങളുടെ പ്രധാന ജോലി വെള്ളം പിടിക്കാന്‍ കലം കൊണ്ട് വെക്കുക എന്നുള്ളതാണ് , അമ്മ സാമാന്യം വലിയ ഒരു കലം എന്റെ കൈയില്‍ തന്നു വിടും . ഞാന്‍ അത് കൊണ്ട് വെച്ചിട്ട് കളിയ്ക്കാന്‍ പോകും. പാത്രം നിറയുമ്പോള്‍ അത് ആരെങ്കിലും എടുത്തുകൊണ്ടു പോയിട്ട് എന്റെ പാത്രം കാലിആക്കി വെക്കും . അമ്മ വെള്ളം എടുക്കാന്‍ ചെല്ലുമ്പോള്‍ കാലി പാത്രം ആവും ഉണ്ടാവുക . എനിക്ക് ഇതിനു ഒരു പാട് വഴക്ക് കേട്ടിട്ടുണ്ട് .


വേനല്‍ അവധിക്കാലം ശരിക്കും പ്ലാവും മാവും കശുമാവും , എന്നുവേണ്ട, സകല ഫല വൃക്ഷങ്ങളും നിറയെ കായിച്ചു
നില്‍ക്കുന്ന കാലമല്ലേ . മാവു നിറയെ മാങ്ങാ ഉണ്ടാവും .. പിന്നെ കമ്പിളി നാരകം,ചാമ്പമരം . അത് പാണ്ടി ചാമ്പയും നാടന്‍ ചാമ്പയും ഉണ്ട് . ഇതൊക്കെ പറിച്ചു രണ്ടായി മുറിച്ചു ഉപ്പും മുളകും പുരട്ടി കഴിക്കല്‍ ആണ് പ്രധാന വിനോദം . പിന്നെ കശുമാവ് പൂത്തുകഴിഞ്ഞാല്‍ പത്തു ചില്ലറ ക്കുള്ള വകയായി .. കശുവണ്ടി ശേഖരിച്ചു വെക്കാന്‍ ഞങ്ങള്‍ മത്സരം ആണ്.
എന്റെ എഴാം ക്ലാസ്സിലെ അവധികാലം അടിപൊളി ആരുന്നു . കാരണം എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്ന ദീനാമ്മ ടീച്ചര്‍ ഞങ്ങളുടെ വീടിനു അടുത്താണ് താമസിച്ചിരുന്നതു . ടീച്ചറിന്റെ വീട്ടില്‍ ടെലിവിഷന്‍ വാങ്ങിയത് അവധിക്കാലത്ത്‌ ആയിരുന്നു .അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലിവിഷന്‍ ഒന്നോ രണ്ടോ വീടുകളിലെ ഉള്ളു .. അത് കാരണം എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ സിനിമ കാണാന്‍ ടിവി ഉള്ള വീടുകളില്‍ പോകും . എല്ലാരും കുടുംബ സമേതം ആണ് പോകുക . ഒരു തീയേറ്ററില്‍ ഉള്ള ആളുകള്‍ ഉണ്ടാകും ഒരു വീട്ടില്‍ . ഞായറാഴ്ച വൈകുന്നേരം മാത്രമാണല്ലോ സിനിമ ഉള്ളത് . ഞായറാഴ്ച നേരത്തെ തന്നെ വീട്ടിലെ ചെറിയ ശിങ്കിടി പണികല്‍ ഒക്കെ വേഗം തീര്‍ത്തു , അമ്മയുടെ അനുവാദം വാങ്ങും സിനിമ കാണാന്‍ പോകാന്‍ . അങ്ങിനെ ഞാനും അനിയനും കൂടെ പോകും , മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം ഉണ്ട് എന്റെ വീട്ടില്‍ നിന്ന് വീട്ടിലേക്കു . അങ്ങിനെ എല്ലാ ആഴ്ച അവസാനവും ഞങ്ങള്‍ ഇതൊരു പതിവാക്കി .


അങ്ങിനെ ഇരിക്കെ ആണ് ദീനാമ്മ ടീച്ചറിന്റെ വീട്ടില്‍ ടിവി വാങ്ങുന്നത് . ടീച്ചര്‍ ഞങ്ങള്‍ കൂട്ടുകാരെ എല്ലാരേയും സിനിമ കാണാന്‍ ക്ഷണിച്ചു . അന്നാണ് ആദ്യമായി കസെറ്റ് ഇട്ടു സിനിമ കാണുന്നത് . അങ്ങിനെ ആഴ്ചയില്‍ ഒരു സിനിമ എങ്കിലും ടീച്ചര്‍ ഞങ്ങള്‍ക്കുവേണ്ടി കാണിച്ചു തരും . ടീച്ചറും ഞങ്ങള്‍ കുട്ടികളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഒരിക്കലും മറക്കാത്ത ഓര്‍മകളായി നല്ല നാളുകള്‍ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നുഅവധിക്കാല ഓര്‍മകളില്‍ ഏറ്റവും മധുരമുള്ള ഓര്‍മകളും ഇത് തന്നെ യാണ് .. പിന്നെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം ഉണ്ടായതും അവധിക്കാലത്ത്‌ തന്നെയാണ് . എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു രാധാമണി . ഒന്നുമുതല്‍ ഏഴുവരെ ഞങ്ങള്‍ ഒരു സ്കൂളില്‍ ഒര ക്ലാസ്സില്‍ ആണ് പഠിച്ചത് . എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ഒരുമിച്ചാണ് കളിക്കുന്നതും അമ്പലങ്ങളില്‍ പോകുന്നതും എല്ലാം . ഒരിക്കല്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം . കൂട്ടുകാര്‍ എല്ലാരും ഒത്തുകൂടി . എന്തെങ്കിലും കളിയ്ക്കാന്‍ ഉള്ള തീരുമാനം ആയി . സാറ്റു കളിക്കാം എന്നായി എല്ലാരും . എണ്ണാന്‍ഉള്ള ആളെ തിരഞ്ഞെടുത്തു . ഊഴം എന്റെ ആയി ഞാന്‍ എണ്ണി, ഒന്ന് മുതല്‍ നൂറു വരെ . എല്ലാരും പോയി ഒളിച്ചിരുന്നു .ഞാന്‍ എണ്ണിക്കഴിഞ്ഞു കണ്ണ് തുറന്നു , ഓരോരുത്തരെ ആയി കണ്ടു പിടിച്ചു സാറ്റ് വെച്ചു. അവസാനം രാധുനെ മാത്രം കണ്ടില്ല .. അവള്‍ എനിക്ക് പിടിതരാതെ എന്നെ കൊണ്ട് കണ്ടില്ല സാറ്റ് വിളിപ്പിക്കാന്‍ വേണ്ടി ഒളിച്ചിരുന്നു . ഞാന്‍ ഉണ്ടോ വിട്ടുകൊടുക്കുന്നു . കണ്ടില്ല സാറ്റു വിളിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു . കുറ്റിച്ചുവട്ടില്‍ നിന്ന് ഞാന്‍ മാറുംപോഴേക്കും മറ്റു കൂട്ടുകാര്‍ രാധുനെ പ്രോത്സാഹിപ്പിക്കും . രാധു അവിടെ തന്നെ ഇരുന്നോ ,, എന്നൊക്കെ പറഞ്ഞു. അവസാനം എനിക്ക് വാശിയായി .


ഞാന്‍ കുറെ ദൂരേക്ക്‌ മാറി നിന്നു. മാറി നില്‍ക്കുമ്പോള്‍ രാധു എഴുനേറ്റു വരും അപ്പൊ ഓടി ചെന്ന് സാറ്റ് വെക്കാം എന്നുള്ളതാണ് എന്റെ പ്ലാന്‍ . ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ രാധു എഴുനേറ്റു വന്നു .. ഞാന്‍ ഓടി ചെല്ലുന്നത് കണ്ടു അവളും കഴിയും വേഗം ഓടി . എങ്ങനെയെങ്കിലും എന്നെക്കാള്‍ മുന്നേ സാറ്റു വെക്കണം എന്നുള്ള ചിന്തയില്‍ ഓടിയ രാധു താഴെ കിടന്ന വലിയ കല്ല്‌ കണ്ടില്ല . കല്ലില്‍ കാല് തട്ടി രാധു വീണു .. എല്ലാരും ഓടി എത്തുമ്പോഴേക്കും രാധുവിന്റെ മുഖമാകെ രക്തം ആയിരുന്നു . മൂക്കില്‍ നിന്നും വായില്‍ നിന്നും ഒക്കെ രക്തം ഒഴുകി .. പാവം അവളുടെ ബോധം പോയിരുന്നു .


പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു .താടിഎല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നു .. രാധു വീണതില്‍ എല്ലാര്ക്കും സങ്കടം ഉണ്ടായി .പക്ഷെ അതിലും വലിയ സങ്കടം കൂട്ടുകാര്‍ ആരോ പറഞ്ഞു ഞാന്‍ രാധുനെ തള്ളിയിട്ടാണ് എന്ന് . എല്ലാരും അത് വിശ്വസിച്ചു . ഞാന്‍ തള്ളി ഇട്ടതല്ല എന്ന് പറയാന്‍ രാധുനു ബോധം ഇല്ലാരുന്നല്ലോ . രാധു നു ബോധംവന്നു സംസാരിക്കാന്‍ ആകുന്നത്‌ വരെ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ കാണാന്‍ തുടങ്ങി . അവള്‍ തനിയെ വീണതാണ് എന്ന് പറയുന്നത് വരെ .ഞാന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടു .. ഏതായാലും അന്നത്തോടെ എന്റെ സാറ്റുകളി അവസാനിച്ചു . പിന്നീടൊരിക്കലും ഞാന്‍ സാറ്റു കളിച്ചിട്ടില്ല .. വര്‍ഷത്തോട് കൂടി ഞങ്ങള്‍ പിരിഞ്ഞു . ഞാന്‍ കടമ്മനിട്ട ഗവന്മെന്റെ ഹൈസ്കൂള്‍ ലേക്കും രാധു കരംവേലി ഹൈസ്കൂളിലും ആണ് എട്ടാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത് . കാരണം അതിനു മുന്‍പ് ഞങ്ങള്‍ പഠിച്ച സ്കൂളില്‍ എഴുവരെയേ ഉണ്ടായിരുന്നുള്ളു. വേറെ സ്കൂളില്‍ പഠിക്കാന്‍ തുടങ്ങിയെങ്കിലും അവധിക്കാലത്ത്‌ ഞങ്ങള്‍ ഒത്തു കൂടുമായിരുന്നു .. (സാറ്റ് കളിക്കില്ലെങ്കിലും )


അങ്ങിനെ എങ്ങോ കൈമോശം വന്ന ബാല്യകാലത്തിന്റെ , അവധിക്കാലത്തിന്റെ ,ഓര്‍മകളിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുന്നില്ല .. ................... മഴ ...............